ഉത്സവം
തൃപ്രയാർ:ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിക്ക് ആനകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻറെ അനുമതി തേടും. ……….ഏകാദശി സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി നടന്ന ആലോചനായോഗത്തിലാണ് തീരുമാനം. രാധാക്യഷ്ണ കല്ല്യാണമണ്ഡപത്തിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. നിലവിൽ കൊവിഡ് മാനദണ്ഡപ്രകാരം 5 ആനകളെയാണ് പങ്കെടുപ്പിക്കുവാൻ സാധിക്കുക. ചുരുങ്ങിയത് 11 ആനകൾ വേണമെന്നാണ് പതിവ് രീതി. കൂടുതൽ ആനകൾ വരുന്നത് അനുസരിച്ച് മൂന്ന് എഴുന്നള്ളിപ്പിലും തരംതിരിച്ച് പതിനൊന്ന് ആനകളെ എഴുന്നള്ളിക്കാറുണ്ട്. ഇത് നടത്താനുള്ള അനുമതിയാണ് ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെടുക. ആനകളുടെ ഫിറ്റ്നസ് വനം വകുപ്പ് കർശനമായി പരിശോധിക്കും. കൂടാതെ 2 വാക്സിൻ എടുത്തവർക്ക് മാത്രമായാണ് പ്രവേശനം അനുവദിക്കുക. വഴിയോര കച്ചവടക്കാർക്കും വാക്സിൻ നിർബന്ധമാണ്. ഏകാദശിക്ക് വിശേഷാൽ പ്രസാദ ഊട്ട് ഉണ്ടാവില്ല. തൊഴുത് മടങ്ങുന്നവർക്ക് പൂജിച്ച അവിലും വെള്ളവും നല്കും. മതിൽകെട്ടിന് പുറത്ത് നടത്തുന്ന കലാസാംസ്ക്കാരിക പരിപാടികൾ വേണ്ടെന്ന് വെച്ചു. എന്നാൽ ക്ഷേത്രമതിൽക്കെട്ടിനകത്ത് ക്ഷേത്ര കലകൾ അടങ്ങിയ പരിപാടികൾ തന്ത്രിയുമായി ആലോചിച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. ദേവസ്വം ബോർഡ് അംഗം എം.ജി നാരായണൻ, ദേവസ്വം കമ്മീഷണർ എൻ ജ്യോതി, അസി. കമ്മീഷണർ വി.എൻ സ്വപ്ന, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി പ്രസാദ്, ടെമ്പിൾ ഡവലപ്പ്മെൻറ് കമ്മറ്റി പ്രസിഡൻറ് പി.ജി നായർ, യു.പി ക്യഷ്ണനുണ്ണി, പി. മാധവമേനോൻ, സുമന ടീച്ചർ, ദേവസ്വം മാനേജർ എം മനോജ്കുമാർ, സി.എസ് മണികണ്ഠൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
