ഫെബ്രുവരി 9, തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മേള ഫെബ്രുവരി 12-ന് സമാപിക്കും
തൃപ്രയാര്‍ ചലച്ചിത്രമേള നാളെ മുതല്‍; കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന്
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സംവിധായിക ലീല സന്തോഷ് മേള ഉദ്ഘാടനം ചെയ്യും
തൃപ്രയാര്‍, ഫെബ്രുവരി 9, 2023 അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മേള ഫെബ്രുവരി 12-ന് സമാപിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഷോര്‍ട്ട് ഫിലിം, ഹോമേജ് വിഭാഗങ്ങളിലായി 22-ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ആദിവാസി മേഖലയില്‍ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ സംവിധായികയായ ലീല സന്തോഷാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. പ്രിയനന്ദനന്‍, റഫീഖ് അഹമ്മദ്, സജിത മഠത്തില്‍, സുനില്‍ സുഖദ,
സജീവന്‍ അന്തിക്കാട്, ഷൈജു അന്തിക്കാട്, സിജി പ്രദീപ്, സ്മിത സൈലേഷ്, സന്ധ്യ കല്യാണി, അഡ്വ. ആശ ഉണ്ണിത്താന്‍, അഡ്വ. കുക്കു ദേവകി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു പുറമേ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും മേളയുടെ ഭാഗമാകും. പ്രശസ്ത ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകന്‍ മണിലാല്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
സ്ത്രീപക്ഷ സിനിമകള്‍ക്കായി ഒരു ദിവസം മുഴുവന്‍ മാറ്റിവെയ്ക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ മേളയ്ക്കുണ്ട്. അടുത്തിടെ അന്തരിച്ച സംവിധായകന്‍ കെ പി ശശിക്ക് ആദരമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ഹിന്ദി ചിത്രം ‘ഏക് അലഗ് മൗസം’ പ്രദര്‍ശിപ്പിക്കും.
ഫെബ്രുവരി 12-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാഹി കബീറിന് രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത ഗാന രചയിതാവ് റഫീഖ് അഹമ്മദാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
…………………
നവാഗത സംവിധായകനുള്ള കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന്
അംഗീകാരം
‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ
മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന്. ‘ഇലവീഴാ പൂഞ്ചിറ’ എന്ന സിനിമയിലൂടെയാണ് അംഗീകാരം ലഭിച്ചത്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍ കുമാറിന്റെ സ്മരണാര്‍ഥം ജനചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. പ്രഥമ കിഷോര്‍ കുമാര്‍ പുരസ്‌കാരം ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലൂടെ സനു ജോണ്‍ വര്‍ഗീസാണ് നേടിയത്.
2017-ല്‍ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് ഷാഹി കബീര്‍ സിനിമാ രംഗത്തെത്തുന്നത്. 2018-ല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ് ‘ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. തുടര്‍ന്ന് ‘നായാട്ട് ‘, ‘ആരവം’, ‘റൈറ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി. ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.
ഫെബ്രുവരി 12-ന് ഞായറാഴ്ച തൃപ്രയാറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ വെച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും ടി. പി. പ്രേംജി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ സജിന്‍ബാബു, കവിയും തിരക്കഥാകൃത്തുമായ പി. എന്‍. ഗോപീകൃഷ്ണന്‍,
സിസ്റ്റര്‍ ജെസ്മി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.