നിതിന് ഇനി ചുറ്റിക്കറങ്ങാം; ഇലക്ട്രിക് വീല്‍ചെയറില്‍
നിതിന് ഇനി ചുറ്റിക്കറങ്ങാം;
ഇലക്ട്രിക് വീല്‍ചെയറില്‍
എടമുട്ടം: നിതിന് സന്തോഷം അടക്കാനായില്ല. ബെല്‍റ്റിട്ട് ഇലക്ട്രിക് വീല്‍ചെയറില്‍ ഇരുത്തി അതിന്‍റെ പ്രവര്‍ത്തനം പറഞ്ഞുകൊടുക്കുമ്പോഴും വീല്‍ചെയര്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയപ്പോഴും സന്തോഷം പൊട്ടിച്ചിരിയായി നീണ്ടുനിന്നു. എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയറിലെ ആശിഷ് കെയര്‍ ഹോമില്‍ പിതാവ് അന്തിക്കാട് നമ്പിയത്ത് വാസുദേവനും മാതാവ് മനോഹരിക്കുമൊപ്പം രണ്ടു വര്‍ഷമായി താമസിക്കുന്ന നിതിന്‍ 33 -ാം വയസ്സിലും മുട്ടില്‍ ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങുക.
ശാരീരികമായ തളര്‍ച്ചയിലും വീല്‍ച്ചയെറില്‍ കര്‍മനിരതനായിരുന്ന, ദീര്‍ഘകാലം അന്തിക്കാട്, ആലപ്പാട്, അരിമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജനായി സേവനമനുഷ്ഠിച്ചിരുന്ന അന്തിക്കാട് സ്വദേശിയായ ഡോ. അലിക്കുഞ്ഞിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ പത്നി ജാസ്മിന്‍ അലിയാണ് ജന്മനാ ശാരീരിക തളര്‍ച്ചയുള്ള അന്തിക്കാട്ടുകാരന്‍ കൂടിയായ നിതിനെ തേടി സമ്മാനവുമായെത്തിയത്. എണ്‍പത്തഞ്ചുകാരനായ വാസുദേവനും എഴുപത്തിരണ്ടുകാരിയായ മനോഹരിയും പലവിധ രോഗങ്ങളാല്‍ അവശതയനുഭവിക്കുന്നതറിഞ്ഞ ആല്‍ഫയുടെ അന്തിക്കാട് ലിങ്ക് സെന്‍റര്‍ പ്രവര്‍ത്തകരാണ് രണ്ടുവര്‍ഷം മുമ്പ് ഈ കുടുംബത്തെ ആഷിസ് കെയര്‍ ഹോമിലേക്കെത്തിച്ചത്.
കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കായി ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് തയ്യാറാക്കിയിട്ടുള്ള ഫിസിയോതെറാപ്പി സെന്‍ററില്‍ മെച്ചപ്പെട്ട ശാരീരിക ശേഷി നേടുന്നതിനുള്ള ശ്രമത്തിലാണ് നിതിന്‍ ഇപ്പോള്‍. വീല്‍ച്ചെയറില്‍ സഞ്ചരിക്കാനായാല്‍ ആല്‍ഫയുടെ കോമ്പൗണ്ടിലും പിന്നീട് അതിനു പുറത്തും ചുറ്റിക്കറങ്ങാമെന്ന സന്തോഷത്തിലാണ് നിതിന്‍.
ജാസ്മിന്‍ അലിയോടൊപ്പം ആല്‍ഫ പാലിയേറ്റീവ് കെയര്‍ അന്തിക്കാട് ലിങ്ക് സെന്‍റര്‍ ഭാരവാഹികളായ എം.വിജയന്‍, നളിനി രവീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും വീല്‍ച്ചെയര്‍ അടക്കമുള്ള സമ്മാനങ്ങള്‍ കൈമാറാന്‍ എത്തിയിരുന്നു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ഒ.എസ്.വര്‍ഗീസ്, കെയര്‍ ഹോം മാനേജര്‍ താഹിറ മുജീബ്, ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് സെക്രട്ടറി വിമല വേണുഗോപാൽ എന്നിവര്‍ സംഘത്തെ സ്വീകരിക്കുകയും വീല്‍ച്ചെയര്‍ ഏറ്റുവാങ്ങുകയും ചെയ്തു.