ഉത്സവം
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിനായുള്ള മകീര്യം പുറപ്പാട് ചൊവ്വാഴ്ച നടക്കും. കർക്കിടകം രാശിയിൽ പകൽ 1.35നും 2.30നും മധ്യേയുള്ള മുഹുർത്തത്തിലാണ് ചടങ്ങ്. ഊരായ്മക്കാർ ക്ഷേത്രത്തിനകത്തുവന്ന് നിയമവെടിക്ക് അനുവാദം നല്കിയശേഷം മണ്ഡപത്തിലെത്തി തേവരെ എഴുന്നള്ളിക്കുവാൻ അനുവാദം നല്കും. തുടർന്ന് തൃക്കോൽ ശാന്തി തേവരുടെ തിടമ്പ് മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സേതുകുളത്തിൽ ആറാട്ടിനായി സ്വർണ്ണക്കോലത്തിൽ പുറത്തേക്കെഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞെത്തിയ തേവരെ അകത്തേക്കെഴുന്നള്ളിച്ച് എതൃത്ത് പൂജ, പന്തീരടി പൂജ, ശിവേലി, ശ്രീഭുതബലി എന്നിവ നടത്തും. പിന്നീട് പാണി കൊട്ടി പുറത്തേക്കെഴുന്നള്ളിച്ച് കിണറ്റിൻകരയിൽ ചെമ്പിലാറാട്ട്. തുടർന്ന് അത്താഴപൂജ, അത്താഴ ശീവേലി എന്നിവയുണ്ടാവും. ബുധനാഴ്ച രാവിലെ ഏഴരയോടെ മൂന്ന് ആനകളുടെ അകമ്പടിയിൽ സ്വർണ്ണക്കോലത്തിൽ പഞ്ചാരിമേളത്തിൽ എഴുന്നള്ളിക്കും. പുത്തൻ കുളത്തിൽ ആറാട്ട് കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളിക്കും. വൈകുന്നേരം നാലിന് കാട്ടൂർ പൂരത്തിന് പുറപ്പെടും.
