ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ. പുതിയ കണക്കുകള്‍ അനുസരിച്ച് ചൈനയെക്കാള്‍ 30 ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ഉത്പാദനക്ഷമമായ പ്രായക്കാരില്‍ മൂന്നില്‍ രണ്ടുപേരും ഇന്ത്യക്കാരാണ്.
ഐക്യരാഷ്ട്രസഭാ പോപ്പുലേഷന്‍ ഫണ്ട് 1978 മുതല്‍ എല്ലാവര്‍ഷവും പുറത്തിറക്കുന്ന സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തുന്നത്. ചൈനീസ് ജനസംഖ്യ 142.5 കോടിയാകുമ്പോള്‍ 30 ലക്ഷം മനുഷ്യര്‍ കൂടി കൂടുതലുള്ള, 142.8 കോടി ജനസംഖ്യയുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ. സാധ്യതാ സാഹചര്യമനുസരിച്ച് പുറത്തിറക്കുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം പകുതിയോടെയാകും ഇന്ത്യ ചൈനയെ മറികടക്കുക.
15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള, ഉത്പാദനക്ഷമമെന്ന് വിളിക്കാവുന്ന പ്രായക്കാരില്‍ 68 ശതമാനം പേരും ഇന്ത്യക്കാരാണ്. മൂന്നില്‍ രണ്ട് പേര്‍. ഇന്ത്യയുടെ പ്രത്യുത്പാദനനിരക്കും രണ്ട് കുട്ടികള്‍ എന്ന കണക്കില്‍ തുടരുകയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 74 വയസ്സായും പുരുഷന്മാര്‍ക്ക് 71 വയസായും വര്‍ദ്ധിച്ചിട്ടുമുണ്ട്.