ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി -സി55 രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു
ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി -സി55 രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. സിംഗപ്പൂരിൽനിന്നുള്ള ടെലോസ് -2, ലൂമെലൈറ്റ് -4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഉച്ച 2.19നായിരുന്നു വിക്ഷേപണം.പി.ഐ.എഫ് അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കിയ ആദ്യ റോക്കറ്റാണിത്. റോക്കറ്റുകൾ വിക്ഷേപണം ചെയ്യുന്നതിന് മുമ്പ് പാതി അസംബിൾ ചെയ്യുന്ന കേന്ദ്രമാണിത്. വിക്ഷേപണത്തിന്റെ തയാറെടുപ്പിനുള്ള കാലതാമസം കുറക്കുന്നതിനാണ് ഇത്. കാലാവസ്ഥ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കാണ് ടെലോസ് -2 ഉപയോഗിക്കുക.ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ ഐഎസ്ആർഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയിൽ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണിൽ ഗഗൻയാൻ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുമെന്നും ഇസ്രോ അധികൃതർ വ്യക്തമാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി സി55 വിജയകരമായി വിക്ഷേപിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അധികൃതർ. പിഎസ്എൽവിയെ വാണിജ്യ വിക്ഷേപണ വാഹനമായി മാറ്റുമെന്നും, എൻഎസ്ഐഎല്ലിന് കൈമാറുമെന്നും എൻഎസ്ഐഎൽ മേധാവി ഡോ രാധാകൃഷ്ണൻ വ്യക്തമാക്കി. എൻഎസ്ഐഎൽ ഇനി സ്വന്തം നിലയിൽ ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയും വിക്ഷേപിക്കുകയും ചെയ്യും. ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് മൂവായിരം കോടി വരുമാനമുള്ള കമ്പനിയായി മാറി. കഴിഞ്ഞ വർഷം മാത്രം കമ്പനി നേടിയത് പത്തിരട്ടി വളർച്ചയാണ്. നിലവിൽ ഇസ്രോയുടെ 10 ഉപഗ്രഹങ്ങൾ എൻഎസ്ഐഎല്ലിന് കൈമാറിക്കഴിഞ്ഞു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി55 വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തിയ സമ്പൂർണ വാണിജ്യ വിക്ഷേപണമായിരുന്നു ഇത്.