പ്രളയംപോലെ സ്നേഹം കവിഞ്ഞു: നന്ദനയ്ക്ക് ഇനി സ്വന്തം വീട്
പ്രളയംപോലെ സ്നേഹം കവിഞ്ഞു: നന്ദനയ്ക്ക് ഇനി സ്വന്തം വീട്
2018 ലെ പ്രളയം തകർത്ത വീടിനു പകരം കൂട്ടുകാരും അധ്യാപകരും സ്നേഹം ചേർത്തുവെച്ച് പണിത വീട്ടിലിരുന്ന് ഇനി നന്ദനയ്ക്ക് പഠിക്കാം. പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമായി. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ച “സഹപാഠിയ്ക്കൊരു വീടിൻറെ” താക്കോൽദാനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
2018 ലെ പ്രളയത്തിലാണ് നന്ദനയുടെ വീട് തകർന്നത്. കലാലയത്തിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും കൈകോർത്തതോടെ ഒരു വലിയ സ്വപ്നത്തിന് ജീവൻ വെച്ചു. എൻ എസ് എസ് യൂണിറ്റ് നേതൃത്വം വഹിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. ജീർണ്ണാവസ്ഥയിലായിരുന്ന വീടിന്റെ കേടുപാടുകൾ മാറ്റി. മേൽക്കൂര വാർത്ത് ജനലുകൾ പിടിപ്പിച്ചു. ഫ്ലോറിംഗ്, ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ് പണികളും തീർത്ത് അടുക്കളയും പണിതാണ് ‘സഹപാഠിക്കൊരു വീട്’ പദ്ധതി പ്രകാരം വീടൊരുക്കിയത്. ഏകദേശം 4 ലക്ഷം രൂപ ചിലവിൽ 600 സ്‌ക്വയർഫീറ്റിലാണ് വീട് നിർമിച്ചത്.
ജീവകാരുണ്യപരവും മനുഷ്യസ്നേഹപ്രേരിതവുമായ പ്രവർത്തനമാണിതെന്നും വീടില്ലാത്തവർക്കും സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കും താങ്ങും തണലുമാവാൻ കുട്ടികൾക്ക് കഴിയണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ എ ജോജോമോൻ അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണ കമ്മിറ്റി കൺവീനറും വൈസ് പ്രിൻസിപ്പാളുമായ ആൽബർട്ട് ആന്റണി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ. കോ-ഓർഡിനേറ്റർ ഡോ. ടി എൽ സോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ സന്തോഷ്, കോളേജ് യൂണിയൻ ചെയർമാൻ വി ജെ സൂരജ്, പിടിഎ വൈസ് പ്രസിഡന്റ് കെ പി സന്തോഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അഡ്വ. എം ഡി ഷാജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് ശിസ എന്നിവർ സംസാരിച്ചു.