രഹസ്യങ്ങളുടെ കുട നിവർത്താനൊരുങ്ങി തിരുവമ്പാടി
രഹസ്യങ്ങളുടെ കുട നിവർത്താനൊരുങ്ങി തിരുവമ്പാടി
തൃശൂർ പൂരത്തിന്റെ വർണക്കാഴ്ചയായ കുടമാറ്റത്തിന് സ്പെഷ്യൽ കുടകൾ അണിയറയിൽ ഒരുക്കി തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയ പ്രദർശനം നടക്കുമ്പോഴും രഹസ്യ അറയിൽ തയ്യാറാകുന്ന കുടയുടെ കൗതുകങ്ങളിലാണ് കാഴ്ചക്കാരന്റെ പ്രതീക്ഷ. പൂര ആഘോഷത്തിന്റെ വരവേൽപ്പ് അറിയിച്ച് കൗസ്തുഭം ഓഡിറ്റോറിയത്തിൽ ആനച്ചമയ പ്രദർശനങ്ങൾക്ക് തുടക്കമായി.
മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, മുൻ മന്ത്രി വി സുനിൽകുമാർ എന്നിവർ ആനചമയ പ്രദർശന നഗരി സന്ദർശിച്ചു.
പതിവിലും അധികം കാണികളെ ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും തൃശ്ശൂരിന്റെ ഏറ്റവും വലിയ ടൂറിസം ഹബ്ബ് കൂടിയായ തൃശൂർ പൂരത്തിന് എല്ലാവിധ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാണെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന പൂരത്തിന്റെ ഭാഗമാകാൻ ഭിന്നശേഷിക്കാരെ കൂടി ക്ഷണിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം നടപ്പിലാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.
നിലവിൽ 53 മുത്തു കുടകളാണ് തിരുവമ്പാടി വിഭാഗത്തിന്റേതായിട്ട് കൗസ്തുഭം ഓഡിറ്റോറിയം ആനചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്തിലേറെ കുടകൾ രഹസ്യ കേന്ദ്രങ്ങളിൽ ഇനിയും ഒരുങ്ങുന്നുണ്ട്. തൃശ്ശൂർ പൂരത്തിന് ഏറ്റവും മാറ്റുകൂട്ടുന്ന കുടമാറ്റത്തിനുള്ള കുടകളിൽ പലതും ഇപ്പോഴും മിനുക്കു പണികളിൽ അവസാന ഘട്ടത്തിലാണ് എന്നതാണ് ശ്രദ്ദേയം.
അവധി ദിനത്തിൽ എത്തുന്ന പൂരത്തിന് കാണികൾ ഏറെ ഉണ്ടാകുമെന്നതിനാൽ തൃശ്ശൂർ പൂരത്തിന്റെ മാറ്റുകൂട്ടാനുള്ള മിനുക്കുപണികൾ ഓരോ കുടയിലും ഒരുക്കിയിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ചമയ പ്രദർശനം 29ന് രാത്രി പന്ത്രണ്ട് മണി വരെ ഉണ്ടായിരിക്കും.