പ്രിയോർ മാങ്ങ
പ്രിയോർ മാങ്ങ
പ്രിയോർ മാവ് പൂവിട്ട് തുടങ്ങുമ്പോഴേ ഉള്ള കാത്തിരിപ്പാണ്… ആരും കൊണ്ട് പോവാതെ… കാറ്റിൽ വീണു പോകാതെ ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പ്..
പച്ചയ്ക്കും പഴുത്തും തിന്നാം എന്നുള്ളത് കൊണ്ട് പ്രിയോർ മാങ്ങയോട് എന്തോ ഭയങ്കര ഇഷ്ട്ടമായിരുന്നു…
മാങ്ങ മൂത്ത് തുടങ്ങിയാൽ പിന്നെ പറവകളും, എവിടേ നിന്നോ വരുന്ന വവ്വാലുകളും എന്റെ ശത്രുക്കളായിരുന്നു…
നേരത്തെ പറിച്ച് വൈക്കോലിൽ പൊതിഞ്ഞ് പഴുക്കാൻ വെയ്ക്കും… പഴുത്ത് തുടങ്ങിയാൽ പിന്നെ ഒരു മണമാണ്… മനസ്സിന് കുളിർമ്മ നൽകുന്ന നല്ല പഴുത്ത മാങ്ങയുടെ സുഗന്ധം…
പഴുത്ത് മാങ്ങാ, തൊലി ചെത്തി മുറിച്ചെടുത്ത് കഴിക്കുവാനുള്ള ക്ഷമായില്ലാത്തത് കൊണ്ട് തൊണ്ടോടെ കടിച്ചു തിന്നാൻ ആയിരുന്നു ഇഷ്ട്ടം, ആ ശീലം ഇന്നും തുടരുന്നു… അല്ലെങ്കിലും മാങ്ങയുടെ തൊലിക്കും ഒരു പ്രത്യേക രുചിയുണ്ട്…
മാങ്ങാ കടിച്ചു തിന്നാൽ പിന്നെ ദേഷ്യം മുഴുവൻ മാങ്ങാ അണ്ടിയോടാണ്… പല്ല് കൊണ്ട് കാർന്ന് കാർന്ന് മാങ്ങാ അണ്ടിയിൽ ഒരു ശകലം പോലും ബാക്കി വെയ്ക്കാതെയുള്ള തീറ്റ…
അങ്ങനെ ആക്രാന്തം കാണിച്ചു കഴിക്കുമ്പോൾ മാങ്ങയുടെ നാര് പലപ്പോഴും പല്ലിന്റെ ഇടയിൽ കയറും പിന്നെ അതെടുത്ത് കളയാനുള്ള ബദ്ധപ്പാട്..
ഇനി എല്ലാം കഴിഞ്ഞാലും കൈ പെട്ടന്നൊന്നും കഴുകില്ല, മാങ്ങയുടെ ആ നല്ല മണം കയ്യിൽ കുറച്ച് നേരം കൂടി നിൽക്കാണാനാണ് എനിക്കിഷ്ട്ടം..
വവ്വാൽ കടിക്കാത്ത പുഴു കുത്ത് ഏൽക്കാത്ത നല്ല മാങ്ങ കിട്ടുവാനും ഒരു യോഗം വേണം… ഇന്നും പ്രിയപ്പെട്ട ഫലവർഗ്ഗം ഏതാണെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേയുള്ളു ” പ്രിയോർ മാങ്ങാ “.
പ്രിയ മാങ്ങാ കാലത്തിന്റെ ഓർമ്മകളിൽ നിന്നുമൊരേട്.