സൂപ്പർ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തിൽ അമ്പരന്ന് പിഎസ്ജി ക്ലബ്
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തിൽ അമ്പരന്ന് പിഎസ്ജി ക്ലബ് അധികൃതരും ആരാധകരും. ക്ലബിന്റെ അനുമതിയില്ലാതെയാണ് താരം സൗദി സന്ദർശിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പിഎസ്ജിയുടെ മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ല എന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ലോറിയന്റിനെതിരായ മത്സരത്തിൽ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദി സന്ദർശനത്തിന് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറാണ് മെസ്സി. ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. കൂടാതെ ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസത്തിൽ സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.
അതേസമയം മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി സൗദി സന്ദർശിച്ചത്. എന്നാൽ, ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് വിലയിരുത്തുന്നത്