പൊളിച്ചെഴുത്തുകൾ നടത്തിയില്ലെങ്കിൽ സ്ത്രീകൾ രണ്ടാംകിട പൗരരായും അടുക്കളയിൽ തളച്ചിടപ്പെടുന്നവരായും തുടരേണ്ടിവരുമെന്ന് വിഖ്യാത സാംസ്കാരികചിന്തകനായ ഡോ.ടി.മുരളീധരൻ പറഞ്ഞു
ജെൻഡർ തുല്യതയുടെ രാഷ്ട്രീയം : പരിഷത്ത് സംസ്ഥാനസെമിനാർ തുടങ്ങി.
സ്ത്രീ – പുരുഷ സ്വത്വത്തിന്റെ പൊളിച്ചെഴുത്തുകൾ അനിവാര്യം: ഡോ.ടി.മുരളീധരൻ
നാട്ടിക : സ്ത്രീ – പുരുഷ സ്വത്വങ്ങളെപ്പറ്റിയുള്ള ചില പൊളിച്ചെഴുത്തുകൾ നടത്തിയില്ലെങ്കിൽ സ്ത്രീകൾ രണ്ടാംകിട പൗരരായും അടുക്കളയിൽ തളച്ചിടപ്പെടുന്നവരായും തുടരേണ്ടിവരുമെന്ന് വിഖ്യാത സാംസ്കാരികചിന്തകനായ ഡോ.ടി.മുരളീധരൻ പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് നാട്ടിക എസ്.എൻ. കോളേജിൽ സംഘടിപ്പിച്ച ‘ജെൻഡർ തുല്യതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിലുള്ള ദ്വിദിന സംസ്ഥാനസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷമേധാവിത്ത മനോഭാവം കേരളീയ മനസ്സിന്റെ പരിഛേദമാണ്. ആൺകോയ്മയുള്ള കുടുംബവ്യവസ്ഥയാണ് കേരളത്തിന്റെ പ്രബലമാതൃകയായി ഘോഷിക്കപ്പെടുന്നത്. സമൂഹവളർച്ചക്ക് നിലവിലെ കുടുംബവ്യവസ്ഥ വിഘാതമാകുമ്പോൾ അത് തകർക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെ നിലവിലെ കുടുംബവ്യവസ്ഥ തകർക്കുന്നത് അരാചകത്വത്തിലേക്ക് നീങ്ങുമെന്നത് വ്യാജഭയമാണ്. കേരളത്തിലെ ഭൂരിഭാഗം വരുന്ന മധ്യവർഗം സൃഷ്ടിക്കുന്ന സംസ്കാരമാണ് ഇവിടെ പ്രബലമാകുന്നത്. വിപ്ലവകരമായ മാറ്റത്തിന് വിധേയരാകാൻ സന്നദ്ധതയുള്ള അടിസ്ഥാനവർഗത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട പിങ്ക് പോലീസ് അവരെ പൊതുവിടങ്ങളിൽ നിന്ന് അടിച്ചോടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റേഷൻ കാർഡിൽ കുടുംബനാഥ എന്ന് സ്ത്രീയെ രേഖപ്പെടുത്തിയത് കൊണ്ട് മാത്രമായില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ അച്ചിൽ വാർത്തതു പോലുള്ള കുടുംബ വ്യവസ്ഥകൾക്ക് പകരം വ്യത്യസ്തമായ കുടുബ സ്ഥിതികളാണ് ആധുനികസമൂഹത്തിന് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ടി.രാധാമണി അധ്യക്ഷത വഹിച്ചു. നാട്ടിക എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.എസ്.ജയ , പരിഷത്ത് തൃപ്രയാർ മേഖലാ പ്രസിഡണ്ട് ഇ.പി.ശശികുമാർ , സെക്രട്ടറി വി.ആർ. ഷിജിത്ത്, സംഘാടകസമിതി ജനറൽ കൺവീനർ എ.കെ. തിലകൻ , ഇ.പി.എസ് ജെന്നി , സിന്ധു വി.പി, കെ.വി. കമലം, ഒ.വി. സുരേഷ് എന്നിവർ സംസാരിച്ചു. എ.എം.ഹവ്വാബിയുടെ ഷീ ഓർ സെനോറിറ്റ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഡോ.കെ.ടി. ഷംഷാദ് ഹുസൈൻ , ഡോ.കെ.പി. എൻ. അമൃത എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി.
ജീവിതവഴിയിലെ വിപരീത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന രേഖ കാർത്തികേയൻ, പി.ജെ. സുബീന, കെ.നസീമ, വി.ബി. ഹസീന, സുഹറ വടക്കനോളി എന്നിവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.