വികസന പൂരത്തിന് തിരിതെളിഞ്ഞു
സർക്കാരിന്റേത് ദീർഘവീക്ഷണ വികസനം: മന്ത്രി കെ രാജൻ
വികസന പൂരത്തിന് തിരിതെളിഞ്ഞു
ഇരുപതു വർഷങ്ങൾക്ക് ശേഷം കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാടിലൂന്നിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന എന്റെ കേരളം മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഇന്ത്യ ഇന്ന് വരെ കാണാത്ത സുവോളജിക്കൽ പാർക്ക് തൃശൂരിൽ ഒരുങ്ങുന്നത് ഈ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2024 ന്റെ തുടക്കത്തിൽ നവവത്സര സമ്മാനമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് തുറന്ന് നൽകുമെന്നും മന്ത്രി അറിയിച്ചു.
അതിരപ്പിള്ളി വെട്ടിവിട്ടക്കാട് ആദിവാസി കോളനിയിൽ 80 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വികസന മുന്നേറ്റത്തിന് വലിയൊരു വഴിത്തിരിവാണ്. ജില്ല വികസനത്തിന്റെ ലേണേഴ്സ് സിറ്റിയായി മാറുകയാണ്. എല്ലാ മണ്ഡലങ്ങളിലും വികസനങ്ങളുടെ നവ പാത സൃഷ്ടിക്കുകയാണ്. പതിനായിരം കുടുംബങ്ങൾ കൂടി മെയ് 11 ഭൂമിയുടെ അവകാശികളാകുകയാണ്. മൂന്ന് വർഷത്തിനകം എല്ലാ കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ലൈഫ് പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച 1397 വീടുകളുടെ താക്കോൽ കൈമാറ്റവും 3159 പുതിയ വീടുകൾക്കുള്ള കരാറും മന്ത്രി നിർവ്വഹിച്ചു.മേളയിലെ പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി കെ രാജൻ നിർവ്വഹിച്ചു.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. സ്കിൽ ഗ്യാപ്പ് നികത്താൻ കഴിയുന്ന നൂതന ആശയങ്ങൾ ഉൾക്കൊണ്ടാണ് സർക്കാർ രണ്ട് വർഷം പദ്ധതികൾ ആവിഷ്കരിച്ചത്. വിദ്യാർത്ഥികൾക്ക് നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് വലിയൊരു മുന്നേറ്റം നടത്താൻ എന്റെ കേരളം മേള ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു.
മേയർ എം കെ വര്‍ഗീസ്, എംഎൽഎമാരായ പി ബാലചന്ദ്രന്, എ സി മൊയ്തീന്, മുരളി പെരുനെല്ലി ,എന്‍ കെ അക്ബര്‍,സേവ്യര്‍ ചിറ്റിലപ്പിള്ളി, വി ആര് സുനില്‍കുമാര്‍, കെ കെ രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ സംസ്ഥാന പ്രസിഡന്റ് എം കൃഷ്ണദാസ്, ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ് ബസന്ത്ലാല്, ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്, സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകൻ, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ വി ആര് സന്തോഷ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. തദ്ദേശ സ്വയംഭരണ മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ കലക്ടർ വി ആര് കൃഷ്ണതേജ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.