ജെൻഡർ സംസ്ഥാന സെമിനാർ സമാപിച്ചു
ജെൻഡർ സംസ്ഥാന സെമിനാർ സമാപിച്ചു.
കുടുംബാശ്രയവാദത്തെ അടിസ്ഥാനപ്പെടുത്തിയ ജനക്ഷേമപദ്ധതികൾ അഭികാമ്യമല്ല : ഡോ.ജെ. ദേവിക
നാട്ടിക : ഏറെ പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന്റെ ജനക്ഷേമപദ്ധതികൾ ആൺകോയ്മയുള്ള കുടുംബാശ്രയവാദത്തെ (familialism) അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് സ്ത്രീകൾക്ക് നീതി ലഭിക്കുന്ന വിധത്തിലല്ലെന്നും ഡോ.ജെ.ദേവിക പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ജെൻഡർ തുല്യതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാറിന്റെ രണ്ടാം ദിവസം പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ഒരേ തൊഴിലിന് പുരുഷന് കൂലി കൂടുതൽ കൊടുക്കുന്നതിന് ന്യായമായി നിരത്തുന്നത് കുടുംബം നോക്കുന്ന ‘കുടുംബനാഥൻ ‘ ആണ് അയാൾ എന്നതാണ് ! വീട്ടമ്മവൽക്കരിച്ചാണ് സ്ത്രീകൾക്ക് കുറഞ്ഞ കൂലി നൽകുന്നത്. കേരളത്തിൽ നടന്ന ഒട്ടുമിക്ക തൊഴിൽ സമരങ്ങളിലും സ്ത്രീകളായിരുന്നു പങ്കാളിത്തത്തിൽ കൂടുതലെങ്കിലും അതിന്റെ ഗുണഫലം അവർക്ക് കിട്ടിയില്ല. കുടുംബാശ്രയവാദത്തെ ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചുവെന്ന് അവർ പറഞ്ഞു. ഫിൻലന്റ് പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ സന്തുഷ്ടിയ്ക്ക് കാരണം കുടുംബാശ്രയ വാദത്തെ അവർ തിരസ്കരിച്ചതിനാലാണെന്ന് അവർ ചൂണ്ടിക്കാട്ടി. LGBTQIA+ മനുഷ്യർ നിലവിലുള്ള ആൺമേധാവിത്ത കുടുംബങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ദേവിക ചൂണ്ടിക്കാട്ടി.
ക്യൂർ ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന വിഷയത്തിലുള്ള പ്രബന്ധം ഗവേഷകനായ അനഘ് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൈംഗികന്യൂനപക്ഷ സൗഹൃദമാകാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്ജെൻഡറായ ശീതൾ ശ്യാം, എ.പി. സരസ്വതി, ഡോ.സി. ചിഞ്ചു, സി.വിമല, എം.സ്വർണലത, കെ.എസ് ജയ, വി.കല, ഡോ.പി.എസ്.ജയ , ഇ.പി.ശശികുമാർ , ഡോ. യു. മോനിഷ, ടി.എ. സുജിത് , എ.കെ. തിലകൻ , വി.ആർ. ഷിജിത്ത് , എം.ജി. ജയശ്രീ എന്നിവർ സംസാരിച്ചുഎന്നിവർ സംസാരിച്ചു