സാഹസികരേ ഇതിലേ ഇതിലേ
സാഹസികരേ ഇതിലേ ഇതിലേ
എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് ശ്രദ്ധ നേടുന്നത്. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് താൽക്കാലികമായി നിർമിക്കുന്നതാണ് ബർമ ബ്രിഡ്ജ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമയിലുണ്ടായിരുന്ന ജാപ്പനീസ് പട്ടാളക്കാർ ബർമയിലെ നദികൾ ക്രോസ് ചെയ്യുന്നതിനാണ് ഇത് വ്യാപകമായി ഉപയോഗിച്ചത്.
മുതിർന്നവർക്കും യുവാക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ബർമ ബ്രിഡ്ജ്. പ്രധാന വേദിയോട് ചേർന്നാണ് കയർ കൊണ്ടുള്ള പാലം തയ്യാറാക്കിയിട്ടുള്ളത്. മേളയിലെത്തുന്ന സാഹസികർക്ക് ബർമ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാനും അവസരമുണ്ട്. രക്ഷാകവചങ്ങൾ ധരിച്ച് ബ്രിഡ്ജിലേക്ക് കയറാം, സുരക്ഷ ഉറപ്പാക്കാൻ അഗ്നി രക്ഷസേനാംഗവും കൂടെ ഉണ്ടാകും.
ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പി കെ പ്രജീഷ്, അജിത്ത്, രഞ്ജിത്ത്, സ്മീനേഷ് കുമാർ, ആപ്ത മിത്ര അംഗങ്ങൾ തുടങ്ങിയവരാണ് സാഹസികമായ ബർമ്മൻ ബ്രിഡ്ജ് മേളയിൽ തയ്യാറാക്കിയത്.
കൂടാതെ ജീവന്‍ രക്ഷിക്കും അഗ്‌നിരക്ഷാ അറിവുകളും എന്റെ കേരളം പ്രദര്‍ശനമേളയിൽ അഗ്‌നിരക്ഷാസേന ഒരുക്കിയിട്ടുണ്ട്. കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രുശൂഷകള്‍ എന്തെല്ലാമാണെന്ന് ഇവിടെ വന്നാലറിയാം. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയാല്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍, വീടുകളില്‍ പാചകവാതക ഗ്യാസിന് ചോര്‍ച്ച ഉണ്ടായാല്‍ – ഇതിനെല്ലാം ഇവിടെ ഉത്തരമുണ്ട്. പെട്ടെന്ന് കുഴഞ്ഞുവീഴുന്നയാളെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന സി പി ആര്‍ എന്താണെന്നും എങ്ങനെ ചെയ്യാമെന്നും പൊതുജനങ്ങളെ പഠിപ്പിക്കുന്നു. അടിയന്തരഘട്ടങ്ങളിലെ ജീവന്‍രക്ഷാ മാർഗങ്ങൾ പകര്‍ന്നുനല്‍കുകയാണ് അഗ്നിരക്ഷാസേനയുടെ സ്റ്റാള്‍.
അഗ്‌നിബാധയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ പ്രോക്‌സിമിറ്റി സ്യൂട്ട്, സ്പ്രിങ്ക്ളർ സിസ്റ്റം, ഫയർ ബോൾ, ഫയർ ഫൈറ്റ് ബ്ലോവർ, ഫയര്‍ എന്‍ട്രി സ്യൂട്ട് എന്നീ മാതൃകകള്‍ പ്രദര്‍ശനത്തിലുണ്ട്. ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോല്‍ പ്രതിരോധിക്കാനുള്ള ഹാച്ചറിങ്ങ് ബെല്‍റ്റ്, ജലാശയ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളായ സ്‌കൂബാ സെറ്റ്, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ബ്രീത്തിങ്ങ് അപ്പാരറ്റസ്, വിവിധ എക്സ്റ്റിൻഗ്വിഷറുകളുടെ പ്രവര്‍ത്തന രീതി എന്നിങ്ങനെ ഒരു നാടിന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ സ്വയം രക്ഷപ്പെടുന്നതോടൊപ്പം അപകടസൂചന മറ്റുള്ളവരിലേക്കും നല്‍കുകയെന്ന വലിയൊരു കര്‍ത്തവ്യവും നമ്മിലുണ്ടെന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മേളയിലെ അഗ്‌നിശമന സേനാംഗങ്ങളുടെ പ്രദര്‍ശനം.