പറവൂർ കണ്ണീർപ്പുഴയായി ; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു
പറവൂർ കണ്ണീർപ്പുഴയായി ; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു ; ഒരാൾ ഇരിങ്ങാലക്കുട സ്വദേശി :
മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തു
പറവൂർ ചെറിയ പല്ലൻതുരുത്ത് തട്ടുകടവ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. മൂന്നു പേരും ബന്ധുക്കളാണ്.
പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിൻ്റെയും കവിതയുടെയും മകൾ ശ്രീവേദ (10), കവിതയുടെ സഹോദര പുത്രൻ മന്നം ക്ഷേത്രത്തിന് സമീപം തളിയിലപ്പാടം വീട്ടിൽ വിനുവിന്റെ യുടെ നിതയുടെയും മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഭിനവ് (13), കവിതയുടെ തന്നെ സഹോദരി പുത്രൻ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി കുണ്ടാടവീട്ടിൽ രാജേഷ് – വിനീത ദമ്പതികളുടെ മകൻ ശ്രീരാഗ് (13 ) എന്നിവരാണ് മരിച്ചത്.
രണ്ടു കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ശ്രീവേദയുടെയും അഭിനവിൻ്റേയും മൃതദേഹങ്ങളാണ്
പുഴയിൽ നിന്ന് ആദ്യം കണ്ടെത്തിയത്.
മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗിന്റെ മൃതദേഹമാണ് അവസാനം കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തിക്കളിച്ചിരുന്നു.
തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും, കുട്ടികൾ മുങ്ങി പോയതും ആരുടെയും ശ്രദ്ധയിൽ പെട്ടതുമില്ല.
ഇവർ വന്ന ഒരു സൈക്കിളും, ഇവരുടെ ചെരുപ്പും, ഡ്രസ്സുകളും പുഴക്കരയിൽ ഉണ്ടായിരുന്നു. ആഴമേറിയ പുഴക്ക് നാലാൾ താഴ്ച്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള ജലമായതിനാൽ ആളുകൾ അധികം ഇവിടെ കുളിക്കാറില്ല.