ഹിറ്റ്ലറുടെ ശൈലിയാണ് ഇന്ത്യയിൽ ബി.ജെ.പി പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല
ഹിറ്റ്ലറുടെ ശൈലിയാണ് ഇന്ത്യയിൽ ബി.ജെ.പി പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബാലചന്ദ്രൻ വടക്കേടത്ത് രചിച്ച ഇവിടെ ഫാഷിസം ആനന്ദിക്കുന്നു എന്ന പുസ്തകം ബാലചന്ദ്രന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ഫാഷിസത്തിന്റെ രൂപമാണ് ബി.ജെ.പി. ഗുജറാത്ത് കൂട്ടക്കൊലയിലൂടെയാണ് നരേന്ദ്ര മോദിക്ക് സിംഹാസനമുറപ്പിക്കാനായത്. ബി.ജെ.പി. ഹിന്ദുയിസത്തെ വെറുപ്പിന്റെ രാഷ്ട്രീയമാക്കി മാറ്റുന്നു. ഇതിനുള്ള മറുപടിയാണ് കർണ്ണാടകയിൽ നൽകിയത്. ഞാൻ ഹിന്ദുവാണ് നരേന്ദ്ര മോദിയുടെ ഹിന്ദുവല്ല ഗാന്ധിജിയുടെ ഹിന്ദുവാണ് താൻ. ഗാന്ധിജി വളർത്തിയ ലിബറൽ ആശയങ്ങളാണ് ഇന്ത്യയെ നിലനിർത്തുന്നത്. ബി.ജെ.പി യെ പോലെ കമ്മ്യൂണിസ്റ്റു പാർട്ടിയിലും ഫാഷിസമുണ്ട്. കേരളത്തിലെ തുടർ ഭരണം ഫാഷിസത്തിലൂടെ കടന്നുപോകുന്നു. ബംഗാളിലെ പോലെ ഇവിടെയുമാകുമെന്ന വർ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ആർ.എം.പി.ഐ സംസ്ഥാന ചെയർമാൻ ടി.എൽ.സന്തോഷ് പുസ്തകം ഏറ്റുവാങ്ങി. ജോജി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി.എൻ. സുനിൽ പുരുഷർത്ഥം എന്ന കവിത അവതരിപ്പിച്ചു. ശ്രീമൂലനഗരം മോഹനൻ , കെ.എസ്. ഹരിഹരൻ , ടി.വി.ചന്ദ്രമോഹൻ ,ജോസ് വള്ളൂർ എന്നിവർ പങ്കെടുത്തു. ടി.എ. പ്രേംദാസ് സ്വാഗതം പറഞ്ഞു. ഇനിയുള്ള കാലം ഫാഷിസത്തിനെതിരെ ജാഗ്രതയുള്ളതായിരിക്കണമെന്നും തന്റെ എഴുത്തും സംസാരവും അതിനു വേണ്ടി തന്നെയാകുമെന്നും മറുപടി പ്രസംഗത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.