അഫ്സലിന് വീടൊരുങ്ങി, അടിയന്തര നടപടി മെയ് 30നുള്ളിൽ
അഫ്സലിന് വീടൊരുങ്ങി, അടിയന്തര നടപടി മെയ് 30നുള്ളിൽ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിൽ സംഘടിപ്പിച്ച അദാലത്തിൽ മുഹമ്മദ് അഫ്സലിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.
സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നു തവണ ഉറുദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി അഫ്സൽ ശ്രെദ്ധ നേടിയിരുന്നു. മിന്നും വിജയങ്ങളിലൂടെ ഉത്തർപ്രദേശ് സ്വദേശിയായ അഫ്സലിന്റെ ദുരന്തപൂർണ്ണമായ കഥ പുറത്തുവന്നതോടെ വീടെന്ന ആവശ്യം ശക്തമാവുകയും സർക്കാർ അത് ഏറ്റെടുക്കുകയും ചെയ്തു. വൈഗ അന്തർദേശീയ പ്രദർശനത്തിന്റെ ഭാഗമായി സമാഹരിച്ച തുകയിൽ ഉൾപ്പെടുത്തി 5.7 ലക്ഷം രൂപ കെ എൽ ഡി സി മുഖേന വീട് നിർമാണത്തിനായി അനുവദിച്ചു. കോൽപ്പറമ്പിൽ അയൂബ് നൽകിയ വള്ളിവട്ടം അമരിപാടത്തുള്ള മൂന്നു സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചു നൽകണമെന്ന അപേക്ഷയിലാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അടിയന്തര നടപടിക്ക് നിർദ്ദേശിച്ചത്.
തൊഴിൽ തേടിയെത്തിയ പിതാവ് ഷഹാബുദ്ദീനൊപ്പമാണ് കുടുംബം വെള്ളാങ്ങല്ലൂരിൽ എത്തുന്നത്. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ നടവരമ്പിൽ പഠിക്കുമ്പോഴാണ് അഫ്സലിനെ തേടി അർഹതയ്ക്കുള്ള അംഗീകാരം എത്തുന്നത്. പെരുമ്പാവൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി.സി ബി ഷക്കീല ഉൾപ്പെടെയുള്ള അധ്യാപകരും കൈകോർത്തതോടെ ജീവിത വഴിയിൽ അവസരങ്ങളെ കയ്യെത്തി പിടിക്കാൻ പ്രാപ്തമാവുകയാണ് അഫ്സൽ.
വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള യാത്രക്ക് വഴിയൊരുക്കുകയാണ് എ ഡി എ ഇരിങ്ങാലക്കുട എസ് മിനി, വെള്ളാങ്ങല്ലൂർ അഗ്രികൾച്ചർ ഓഫീസർ സീമ ഡേവിഡ്, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ.