തളിക്കുളം ഗ്രാമപഞ്ചായത്ത് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് ക്യു ആർ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു
തളിക്കുളം ഗ്രാമപഞ്ചായത്ത് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് ക്യു ആർ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു. ക്യു ആർ കോഡ് പതിക്കലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകൾ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഹരിത കർമ്മ സേന അംഗങ്ങൾ വഴി ഓരോ വീടുകളിലും ക്യു ആർ കോഡ് പതിച്ച് അതുവഴി ആ വീട്ടിലെ ഡാറ്റ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് 100% വാതിൽപ്പടി ശേഖരണം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഐ. എസ്. അനിൽകുമാർ, സന്ധ്യാ മനോഹരൻ, കെ കെ സൈനുദ്ദീൻ, സുമന ജോഷി, പഞ്ചായത്ത് സെക്രട്ടറി സുധ. ജെ, അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത. കെ. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരിത മിത്രം തൃശ്ശൂർ ജില്ലാ കോഡിനേറ്റർ മാരായ സജിത്. എം. എസ്, ഹഫ്‌സൽ, ഏഴാം വാർഡ് അംഗമായ ഫാത്തിമ ഹംസ പുതിയ വീട്ടിൽ , ഹരിത കർമ്മ സേന അംഗങ്ങൾ, ഹരിതകർമ്മസേനയെ സഹായിക്കാൻ തെരഞ്ഞെടുത്ത സർവെയർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ നവീൻ രാമചന്ദ്രൻ സ്വാഗതവും ഏഴാം വാർഡ് മെമ്പർ ഷിജി. സി. കെ നന്ദിയും പറഞ്ഞു.