പ്രളയം തകർത്തെങ്കിലും അദാലത്തിൽ സർക്കാർ തുണച്ചു
പ്രളയം തകർത്തെങ്കിലും അദാലത്തിൽ സർക്കാർ തുണച്ചു
നിറകണ്ണുകളോടെ അദാലത്തിൽ വന്ന വാടാനപ്പിള്ളി സ്വദേശി വടക്കൻ വീട്ടിൽ ശിവദാസൻ തിരികെ പോയത് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ. പ്രളയം തകർത്ത വീട് തിരികെയെടുക്കാൻ വടക്കൻ വീട്ടിൽ ശിവദാസന് ആശ്വാസമായി ചാവക്കാട് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്.
സർക്കാരിന്റെ ധനസഹായമായ നാല് ലക്ഷം രൂപ ശിവദാസന് പാസായെങ്കിലും അക്കൗണ്ട് നമ്പർ മാറി നൽകി എന്ന കാരണത്താൽ തുക ലഭ്യമായില്ല. കുടുംബം പുലർത്താൻ നെട്ടോട്ടമോടുന്ന മത്സ്യത്തൊഴിലാളിയായ ശിവദാസന് തീരാ വേദനയാണ് പ്രളയവും നൽകിയത്. തകർന്ന വീടിന്റെ സ്ഥലത്ത് കുടിലിലാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പത്താം ക്ലാസിലേക്ക് പാസായ മകൾ അനാമികയുടെ പഠനസൗകര്യത്തിനു പോലും മാർഗമില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസമായി സർക്കാരിന്റെ കരുതലും കൈത്താങ്ങും എത്തുന്നത്.
ശിവദാസന് തുക ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർദ്ദേശിച്ചു. പ്രളയം വീട് കവർന്നപ്പോഴും സർക്കാർ താങ്ങാകുമെന്ന ദൃഢവിശ്വാസം കൈവിടാതെ ഉള്ളുരുകി കഴിഞ്ഞത് വെറുതെയായില്ല എന്ന ആശ്വാസത്തിലാണ് ശിവദാസൻ. മന്ത്രിക്കും എൻ കെ അക്ബർ എംഎൽഎക്കും നന്ദി പറഞ്ഞാണ് ശിവദാസൻ മടങ്ങിയത്.