കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്നും രാജ്യങ്ങൾ ഇതിനെ ചെറുക്കാൻ സജ്ജമാകണമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). അടുത്ത മഹാമാരിയെ ചെറുക്കാൻ ലോകം തയ്യാറാകണം. കോവിഡിനേക്കാൾ മാരകമായ മഹാമാരിയാണ് വരാൻ പോകുന്നതെന്നും ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി വരുന്ന പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാല്‍ ആഗോള ആരോഗ്യ ഭീഷണി ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘മാരകമായ രോഗത്തിനും മരണത്തിനും ഇടയാകുന്ന മറ്റൊരു മാരക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അടുത്ത മഹാമാരിയെ നേരിടാൻ എല്ലാവരും ഒരുമിച്ച്, കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാൻ സജ്ജമാകണം. കോവിഡ് മഹാമാരിയെ ചെറുത്തുതോൽപ്പിച്ച അതേ ഇച്ഛാശക്തിയോടെ അടുത്ത മഹാമാരിയെയും നേരിടാനാകണം’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒമ്പത് രോഗങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചികിത്സയുടെ അഭാവം അല്ലെങ്കിൽ ഒരു പകർച്ചവ്യാധിയായി മാറാനുള്ള ശേഷി എന്നിവ കാരണം ഈ രോഗങ്ങൾ അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു