ചർച്ചിലിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം
ചർച്ചിലിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം
ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ ചർച്ചിലിനും കൈത്താങ്ങായത് സർക്കാരിന്റെ പ്രശ്നപരിഹാര അദാലത്ത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ചർച്ചിലിന് ഡിസെബിലിറ്റി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരം പ്രതീക്ഷിച്ച് അദാലത്തിലെത്തിയ ചർച്ചിലും അച്ഛനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.
ഏറെ നാളായി മുടങ്ങിക്കിടന്ന ഡിസെബിലിറ്റി പെൻഷൻ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആളൂർ പഞ്ചായത്തിന് നിർദ്ദേശം നൽകി. കൂടാതെ ബിപിഎൽ കാർഡിന് അർഹതയുണ്ടെന്ന് മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകി.
മകന്റെ ഡിസെബിലിറ്റി പെൻഷനുവേണ്ടി ചർച്ചിലിന്റെ അച്ഛൻ കെ ടി ഷാജൻ കയറിയിറങ്ങാത്ത ഇടമുണ്ടായിരുന്നില്ല. ചാലക്കുടി അദാലത്തിൽ കുറഞ്ഞ സമയം കൊണ്ട് പരിഹാരം ഉണ്ടായതിൽ വലിയ സന്തോഷമുണ്ടെന്ന് ഷാജൻ പറഞ്ഞു. ഉടനടി പരിഹാരം നിർദ്ദേശിച്ച ബിന്ദു മിനിസ്റ്റർക്കൊപ്പം ഒരു സെൽഫിയും എടുത്താണ് ഇരുവരും മടങ്ങിയത്.