വലപ്പാട് പഞ്ചായത്തിൽ 19-ാം വാർഡിൽ തിരുപഴഞ്ചേരി ലക്ഷം വീട് കോളനി നവീകരണത്തിന്റെ ഭാഗമായി 15 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
“തൃപ്രയാർ: വലപ്പാട് പഞ്ചായത്തിൽ 19-ാം വാർഡിൽ തിരുപഴഞ്ചേരി ലക്ഷം വീട് കോളനി നവീകരണത്തിന്റെ ഭാഗമായി 15 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. സരോജിനി പത്മനാഭന്റെ ഓർമ്മയ്ക്കായി മണപ്പുറം ഫൗണ്ടേഷനാണ് സായൂജ്യം പദ്ധതിയിൽ വീടുകളുടെ നിർമ്മാണം എറ്റെടുത്തത്. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നാളെ നടക്കും. വൈകിട്ട് 4.30ന് ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ താക്കോൽദാനം നിർവഹിക്കും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ പദ്ധതി വിശദീകരണം നടത്തും. മൊത്തം 16 വീടുകളുടെ നിർമ്മാണമാണ് ഫൗണ്ടേഷൻ എറ്റെടുത്തത്. ഇതിൽ 12 വീടുകൾ പൂർണമായും 3 വീടുകളുടെ ഭാഗികമായ പുനർനിർമ്മാണവും പൂർത്തീകരിച്ചു. ഒന്നേകാൽ കോടി രൂപയാണ് ഇതിനായി മണപ്പുറം ഫൗണ്ടേഷൻ ചെലവഴിച്ചത്. 460 സ്‌ക്വയർ ഫീറ്റിലുള്ള ഓരോ വീടിനും 7 ലക്ഷം രൂപയോളം ചെലവ് വന്നതായി വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2 ബെഡ് റൂം, ടോയ്‌ലറ്റ്, അടുക്കള, സിറ്റൗട്ട് ഉൾപ്പെടെയുള്ളതാണ് ഓരോ വീടുകളും. റോഡ് സൗകര്യവും എർപ്പെടുത്തിയിട്ടുണ്ട്. വെള്ള കണക്്ഷനും വൈദ്യുതിയും പഞ്ചായത്ത് നൽകും. കൂടാതെ എടത്തിരുത്തി പഞ്ചായത്തിൽ ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥികൾക്കായുള്ള വാട്ടർ കിയോസ്‌ക് പദ്ധതിയുടെ സമർപ്പണവും ചടങ്ങിൽ മന്ത്രി നിർവഹിക്കും. ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, സജ്ഞയ് ടി.എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.”