ഒല്ലൂക്കര ബ്ലോക്കിനു കീഴിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
ഒല്ലൂക്കര ബ്ലോക്കിനു കീഴിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
സർക്കാർ സ്കൂളുകൾ പഴയകാല പ്രതാപങ്ങളിലേക്ക് തിരിച്ചുവരുന്ന കാലമാണിതെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഓടിയെത്താൻ കൊതിക്കുന്ന ഇടങ്ങളായി സ്കൂളുകൾ മാറി. കരഞ്ഞു കലങ്ങിയ കണ്ണുകൾ എവിടെയുമില്ല. ജനകീയ വിദ്യാഭ്യാസത്തിൻറെ പ്രതിഫലനമാണിത്. സാമൂഹ്യപ്രതിബദ്ധതയുടെ ആദ്യപാഠമാണ് പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൊതുവിദ്യാലയങ്ങൾ എല്ലാം മികവിന്റെ പാതയിലാണ്. വരുംവർഷങ്ങളിൽ ഓരോ സ്കൂളിന്റെയും മുഖച്ഛായ തന്നെ അടിമുടി മാറുമെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
മൂർക്കനിക്കര ഗവ. എൽ പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ബാല (ബിൽഡിംഗ് ആസ് ലേണിംഗ് എയ്ഡ്) യുടെയും പ്രീപ്രൈമറി ക്ലാസ് റൂമിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യാ രാജേഷ് അധ്യക്ഷയായി. വൈസ് പ്രസിഡൻറ് പി ആർ രജിത്ത്, ഈസ്റ്റ് ഉപജില്ല എഇഒ പി എം ബാലകൃഷ്ണൻ, വിദ്യാഭ്യാസആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിയ ഗിഫ്റ്റ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഉഷ വി എൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് പഠനോപകരണ വിതരണവും നടന്നു.
മികച്ച ആഘോഷ പരിപാടികളോടെയാണ് പുത്തൂർ ഗവ. എൽ പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്. വർണ്ണാഭമായ നൃത്തചുവടുകളോടെയാണ് മന്ത്രി കെ രാജനെ വിദ്യാർത്ഥികൾ വരവേറ്റത്. ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ് അധ്യക്ഷയായി. തൃശ്ശൂർ ഈസ്റ്റ് ഉപജില്ല എഇഒ പി എം ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് റിംസി ജോസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ് കുമാർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, പിടിഎ പ്രസിഡൻ്റ് തിലകൻ തേറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ഒല്ലൂക്കര ബ്ലോക്ക് തല പ്രവേശനോത്സവം മതിക്കുന്ന് ജിജെബിഎസ് സ്കൂളിലാണ് നടന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ സുരേഷ് ബാബു അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത്ത് പി എസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സുനിമോൾ പി ജെ തുടങ്ങിയവർ പങ്കെടുത്തു.
പീച്ചി ഗവ. എൽ പി സ്കൂളിലെ പ്രവേശനോത്സവം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ മുഖ്യാതിഥിയായി.
വർണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായി പീച്ചി ജി എൽ പി എസിന് ഈ അധ്യയന വർഷം 10 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യപ്രഭാഷണത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സെറാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള വിദ്യാർഥിക്ക് വീൽചെയർ സംഭാവന ചെയ്തു. പ്രീ പ്രൈമറി കുട്ടികൾക്കായി സൗജന്യ പഠനോപകരണങ്ങളും യൂണിഫോമും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടു കൂടി നൽകിയിരുന്നു. നിർദിഷ്ട പദ്ധതിക്കായി പൂർവ്വ വിദ്യാർത്ഥി സംഘടന തയ്യാറാക്കിയ മാഗസിൻ മുഖാന്തരം ലഭിച്ച 50,000 രൂപ സ്കൂൾ അധികൃതർക്ക് ചടങ്ങിൽ കൈമാറി.
പാണഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേശ്, ഗ്രാമപഞ്ചായത്ത് അംഗം ബാബു തോമസ്, ദിവ്യഹൃദയ ആശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ, പിടിഎ പ്രസിഡൻ്റ് ലിമീഷ് മാത്യു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.