സര്‍ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി..വിജയത്തിടമ്പേറ്റി കാസര്‍ഗോഡ്
🎇 സര്‍ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി..
വിജയത്തിടമ്പേറ്റി കാസര്‍ഗോഡ് 🎆
മൂന്ന് ദിനങ്ങള്‍…9 വേദികള്‍…66 മത്സര ഇനങ്ങള്‍..3000ത്തോളം കുടുംബശ്രീ വനിതകള്‍. ജൂണ്‍ രണ്ടിന് കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ തുടക്കമായ ‘ അരങ്ങ് 2023 ഒരുമയുടെ പലമ’ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് പരിസമാപ്തി. ഇന്ന് പ്രധാനവേദിയായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സമാപന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
172 പോയിന്റോടെ കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 136 പോയിന്റോടെ കോഴിക്കോട് രണ്ടാമതും 131 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതുമെത്തി. കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തൃശ്ശൂര്‍ ജില്ല 109 പോയിന്റോടെ നാലാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് കാസരഗോഡ് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോള്‍ കിരീടം നേടുന്നത്. ജൂനിയര്‍, സീനിയര്‍, പൊതു വിഭാഗങ്ങളിലായി വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സംഗീത നാടക അക്കാഡമി, ജവഹര്‍ ബാലഭവന്‍, വൈ.ഡബ്ല്യു.സി.എ, സാഹിത്യ അക്കാഡമി എന്നിവിടങ്ങളില്‍ സജ്ജീകരിച്ച വേദികളിലാണ് കലോത്സവം നടന്നത്.
കേരള സ്ത്രീ സമൂഹത്തിനിടയില്‍ ആത്മബോധത്തിന്റെ കണ്ണാടിയായാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി കുടുംബശ്രീ പ്രവര്‍ത്തിച്ചുവരുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായി അരങ്ങ് മാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത. എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുടുംബശ്രീയ്ക്കായി സംഗീത ശില്‍പ്പം ചിട്ടപ്പെടുത്തിയ കരിവെള്ളൂര്‍ മുരളിയെ ചടങ്ങില്‍ ആദരിച്ചു.
ഉദ്ഘാടനദിന ഘോഷയാത്രയില്‍ മികച്ച പ്രകടനത്തിന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ബ്ലോക്കുകള്‍ക്കും (പഴയന്നൂര്‍ ബ്ലോക്ക് – ഒന്നാം സ്ഥാനം, അന്തിക്കാട് ബ്ലോക്ക് – രണ്ടാം സ്ഥാനം, ചൊവ്വന്നൂര്‍ , വെള്ളാങ്ങല്ലുര്‍ ബ്ലോക്കുകള്‍ – മൂന്നാം സ്ഥാനം) തൃശ്ശൂര്‍ ജില്ലയിലെ മികച്ച സി.ഡി.എസായ വരവൂര്‍ സി.ഡി.എസ്, മികച്ച രണ്ടാമത്തെ സി.ഡി.എസായ നടത്തറ സി.ഡി.എസ്, മറ്റ് വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച സി.ഡി.എസുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. ഷാജന്‍, ഒല്ലൂക്കര, പുഴയ്ക്കല്‍ ബ്ലോക്കുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ തൃശ്ശൂര്‍ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രതീഷ് കുമാര്‍. കെ നന്ദി പറഞ്ഞു.