അരിമ്പൂർ: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് കപ്പൽ പള്ളിക്ക് മുൻവശം ഇന്ന് പുലർച്ചെ ഒന്നരയോടെ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു
അരിമ്പൂർ : തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻവശത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ മരിച്ചു.
വാഹനത്തിൽ ഉണ്ടായിരുന്ന 3 പേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഓടിച്ചിരുന്ന
പടിയൂർ സ്വദേശി ചളിങ്ങാട വീട്ടിൽ സുകുമാരൻ മകൻ ജിത്തു (38) വാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ തളിക്കുളം യത്തീംഖാനക്ക് സമീപം താമസിക്കുന്ന സ്വദേശി ചിറ്റൂർ വീട്ടിൽ നീതു (35), ഇവരുടെ 3 വയസുള്ള കുട്ടി, നീതുവിന്റെ പിതാവ് കണ്ണൻ (55) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർക്ക് പരിക്കില്ല. രോഗിയുമായി തൃശൂരിലേക്ക് പോയിരുന്ന പുത്തൻപീടിക പാദുവ ആസ്പത്രിയുടെ ആംബുലൻസും തൃശൂർ ഭാഗത്തു നിന്നും വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. ആംബുലൻസിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ കുടുങ്ങിയവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്.