തളിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളെക്കുറിച്ചും പൊതുശ്മശാനത്തെ ക്കുറിച്ചും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന വികസന വിരോധികളെ പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത
വികസന വിരോധികളെ അകറ്റി നിർത്തുക
തളിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളെക്കുറിച്ചും പൊതുശ്മശാനത്തെ ക്കുറിച്ചും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന വികസന വിരോധികളെ പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്ത പഞ്ചായത്ത് എന്ന ആശയം പരിപൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പഞ്ചായത്താണ് തളിക്കുളം. തളിക്കുളം ഗ്രാമപഞ്ചായത്തിന് പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദാലി സൗജന്യമായി അനുവദിച്ച 84 സെന്റ് സ്ഥലത്താണ് നിലവിൽ ശ്മശാനവും ജൈവമാലിന്യ സംസ്കരണ കേന്ദ്രവും സ്ഥിതിചെയ്യുന്നത്. 2018ൽ ആരംഭിച്ച ഈ രണ്ട് സ്ഥാപന.ങ്ങളും തമ്മിൽ ചുറ്റുമതിലുകളാൽ വേർതിരിച്ചാണ് പ്രവർത്തിക്കുന്നത്. 16 വാർഡുകളിലെയും ഹരിത കർമ്മ സേന അംഗങ്ങളുടെ പ്രവർത്തനഫലമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് ഹരിത കർമ്മ സേന അംഗങ്ങൾ അവയെല്ലാം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. മികച്ച രീതിയിൽ നാടിന് വേണ്ടി സേവനം ചെയ്യുന്ന ഹരിത കർമ്മ സേനാംഗങ്ങളെ അവഹേളിക്കാനാണ് ഇവർ ശ്രമിക്കുന്നത്. പൊതു ശ്മശാനത്തിന്റെ ചിത്രമാണെന്ന് പറഞ്ഞു പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്മശാനത്തിന്റേതല്ല. അജൈവ മാലിന്യ സംസ്കരണ യൂണിറ്റിലെ പ്ലാസ്റ്റിക്കുകളുടെ ചിത്രങ്ങൾ എടുത്താണ് പൊതു ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതായി കോൺഗ്രസ് നേതൃത്വം പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത്. കടൽതീരത്തോട് 100 മീറ്റർ അടുത്താണ് പൊതുശ്മശാനം സ്ഥിതിചെയ്യുന്നത്. ഇതുമൂലം ഉപ്പുകാറ്റേറ്റ് പൊതു ശ്മശാനത്തിന്റെ മെഷീനറികൾ വേഗത്തിൽ തുരുമ്പു പിടിക്കുന്നതിനാൽ എല്ലാ വർഷവും ധാരാളം പണം അറ്റകുറ്റപ്പണികൾക്കായിചെലവഴിച്ച് കൊണ്ടാണ് പൊതുശ്മശാനം പ്രവർത്തിച്ചു വരുന്നത് . എന്നാൽ നിലവിലെ കേടുപാടുകൾ പരിഹരിക്കുന്നതിന് 3,51000/- ( മൂന്ന് ലക്ഷത്തി അമ്പത്തൊന്നായിരം ) രൂപ അറ്റകുറ്റപണികൾക്കായി ചിലവഴിക്കേണ്ടതുണ്ട്. ടെൻഡർ നടപടികളും മറ്റ് നിയമാനുസൃത നടപടി ക്രമങ്ങളും പാലിച്ചു കൊണ്ട് മാത്രമേ ഇത്രയും ഭാരിച്ച തുക പഞ്ചായത്തുകൾക്ക് ചിലവഴിക്കാൻ സാധിക്കുകയുള്ളു. അതിനാലാണ് ശ്മശാനം താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത് . ടെൻഡർ നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കോൺഗ്രസ് നേതാക്കൾ അടക്കമുള്ള പൊതുപ്രവർത്തകർക്കെല്ലാം അറിയാവുന്നതുമാണ്. സങ്കുചിതമായ രാഷ്ടീയ നേട്ടങ്ങൾക്കായി പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഇത്തരം സമീപനങ്ങൾ കോൺഗ്രസ് നേതാക്കൾ തിരുത്തുകയാണ് വേണ്ടത്. ഇത്തരം കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് തളിക്കുളം നിവാസികളോട് അഭ്യർത്ഥിക്കുകയാണ്. മാലിന്യമുക്ത പഞ്ചായത്ത് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തങ്ങളായിട്ടുള്ള പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ സന്ധ്യാ മനോഹരൻ, കെ കെ സൈനുദ്ദീൻ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.