സാഹിത്യം-കലാ-കായികം
അമ്മ മഴക്കാലം
ഓരോ മഴക്കാലവും ഗൃഹാതുരത്വത്തിന്റെ ബാല്യ സ്മരണകൾ പെയ്യുന്നു. ഒപ്പം അമ്മയോർമകളും..
അമ്മ മഴക്കാലം
വി. കടത്തനാട്
ഒരുവഴിക്കണ്ണുമായിറയത്തു നിൽക്കുമെ-
ന്നമ്മയാണെന്നുമെൻ മഴയോർമ്മയിൽ! പുകയുന്നൊരടുപ്പിന്റെ തിണ്ണയിൽ കൈയ്യൂന്നി നിൽക്കുമെന്നമ്മതൻ ദൈന്യഭാവം!
മഴമേഘമാകാശ മുഖകാന്തി കവരുമ്പോൾ കരുവാളിച്ചിരിക്കുമെന്നമ്മ മുഖം.
വറുതിതൻ പേക്കിനാപ്പുലമ്പലാ തുടികൊട്ടും മഴയൊച്ചയുച്ചത്തിലമ്മശബ്ദം.
മഴ ചോരുമിടവേളയണയുന്ന വേളയിൽ പൈക്കിടാവിനെ തീറ്റുമമ്മരൂപം വരിക്കപ്പിലാവിന്റെയെത്താത്ത കൊമ്പിനോടെന്തോ പരിഭവം ചൊല്ലി നിൽക്കേ
ഒരു കെട്ടു പുല്ലുമായണയുമെന്നൊപ്പോളിൻ നനഞ്ഞ കുപ്പായത്തിൻ തുടുപ്പു കാൺകേ..
കലിതുള്ളിപ്പെയ്യുമെന്നമ്മതന്നാധിയെന്തറിയാത്ത ബാല്യമെൻ മഴയോർമ്മകൾ..
***