ഗ്രാമ വാർത്ത.

പ്രൊഫ.വി.എസ്.റെജിക്ക് അഖിലേന്ത്യാ അവാർഡ്.

പ്രൊഫ.വി.എസ്.റെജിക്ക് അഖിലേന്ത്യാ അവാർഡ്.

      ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻ്റ് റിസർച്ച് അസ്സോസിയേഷൻ (GEPRA - NEWDELHI) അഖിലേന്ത്യാ തലത്തിൽ വർഷം തോറും നൽകി വരാറുള്ള "ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡി''ന് ഇത്തവണ പ്രൊഫ.വി.എസ്.റെജി അർഹനായി.

      അധ്യാപനത്തിലൂടെ ദേശീയോദ്ഗ്രഥനത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

      വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സൈനിക സേവനം, സാമൂഹിക സേവനം, ശാസ്ത്ര-മാനവിക വിഷയങ്ങളിലെ ഗവേഷണം - എന്നീ മേഖലകളിൽ അഖിലേന്ത്യാ തലത്തിൽ മികവ് തെളിയിച്ച 20 പേരെയാണ് ഓരോ വർഷവും അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
     അധ്യാപനത്തിൽ പുലർത്തിയ പ്രശംസനീയ സേവനം, എൻ.സി.സി.ഓഫീസർ എന്ന നിലയിലുള്ള സ്തുത്യർഹ സേവനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കാവ്  സംരക്ഷണ പദ്ധതി - 2013 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന നാഗപ്പുഴ, ശാന്തു കാട് കാവിൽ നടത്തിവരുന്ന വികസന പ്രവർനങ്ങളിലെ നേതൃത്വം, പ്രഭാഷകൻ എന്ന നിലയിൽ വിവിധ സാമൂഹിക വിഷയങ്ങൾ അധികരിച്ച് നടത്തി വരുന്ന ബോധവൽക്കരണ ക്ലാസ്സുകൾ - എന്നിവയെല്ലാം പരിഗണിച്ചാണ് പ്രൊഫ.വി.എസ്.റെജിയെ അവാർഡിനായി പരിഗണിച്ചിട്ടുള്ളത്.കൂടാതെ കഴിഞ്ഞ ആറുമാസക്കാലത്തിനിടയിൽ അധ്യാപനമികവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള അധ്യാപകൻ എന്ന നിലയിൽ ഉള്ള ഇൻ്റലിജൻസ് റിപ്പോർട്ടും അവാർഡ് പരിഗണനയ്ക്ക് അടിസ്ഥാനമായതായി സംഘാടകർ അറിയിച്ചു.

     ജൂലൈ 22 ശനിയാഴ്ച ചെന്നൈയിൽ "ഹോട്ടൽ ചന്ദ്രാ പാർക്ക് ഇൻ്റർനാഷണൽ ''ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങിൽ മുൻ കേന്ദ്ര റയിൽവേ മന്ത്രി ഡോ.കെ.വേലു IAS, അണ്ണാമലൈ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എൻ.കലാനിധി, ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻ്റ് റിസർച്ച് അസോസിയേഷൻ്റെ (GEPRA) സെക്രട്ടറി ഡോ.ഐ.എസ്.ബാഷ എന്നിവരിൽ നിന്ന് സ്വർണ്ണ മെഡലും സർട്ടിഫിക്കറ്റും മെമൻ്റോയും ഐ.ഡി. കാർഡും അടങ്ങിയ അവാർഡ് പ്രൊഫ.വി.എസ്.റെജി ഏറ്റുവാങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 20 പേർ അവാർഡുകൾ സ്വീകരിച്ചു. ശാസ്ത്ര ഗവേഷണത്തിലെ മികവ് പരിഗണിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഡോ.സന്തോഷ്, സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഡോ.ജോർജ് മാത്യു, സംസ്കൃത ഭാഷാഗവേഷണ മികവ് പരിഗണിച്ച്  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡോ.വിനീത എന്നിവരെയും കേരളത്തിൽ നിന്ന് അവാർഡിന് പരിഗണിച്ചിരുന്നു.
         ദീർഘകാലം കണ്ണൂർ, എസ്.എൻ. കോളേജിലും നാട്ടിക, എസ്.എൻ. കോളേജിലും മലയാള വിഭാഗം അധ്യാപകനും വകുപ്പധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുള്ള പ്രൊഫ.വി.എസ്.റെജി കഴിഞ്ഞ മാർച്ച് മാസത്തിലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. അദ്ദേഹത്തിൻ്റെ അധ്യാപനമികവിനെപ്പറ്റി അറിയാവുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തോട് സേവനമാവശ്യപ്പെട്ട് സമീപിച്ചിരുന്നു. കോഴിക്കോട് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള തൃപ്രയാർ ,എൻ.ഇ.എസ്.ആർ ട്സ് ആൻ്റ് സയൻസ് കോളേജിൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
       കോഴിക്കോട് സർവ്വകലാശാലയിൽ യു.ജി -പി.ജി ബോർഡുകളിൽ അംഗമായും ഫാക്കൾട്ടി മെമ്പറായും അനേക വർഷങ്ങൾപ്രൊഫ.വി.എസ്. റെജി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ റിട്ടയർമെൻ്റ് വരെ യു.ജി വാല്യുവേഷൻ ബോർഡ് ചെയർമാനായിരുന്നു. നാക് കമ്മിറ്റി അംഗം, കോളേജ് കൗൺസിൽ അംഗം, ലൈബ്രറി മോനിട്ടറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രൊഫ.വി.എസ്.റെജി സ്തുത്യർഹമായ സേവനം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാ - കായിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ പ്രൊഫ. റെജി ബദ്ധശ്രദ്ധനായിരുന്നു എന്ന കാര്യം പൂർവ്വ വിദ്യാർത്ഥികൾ എടുത്തു പറയാറുണ്ട്. പത്തിലേറെ കാമ്പസ് സിനിമകൾ പ്രൊഫ. റെജിയുടെ നേതൃത്വത്തിൽ എസ്.എൻ. കോളേജ് വിദ്യാർത്ഥികൾ നിർമ്മിക്കുകയുണ്ടായി. അവയിൽ ചിലതിലെല്ലാം അദ്ദേഹം അഭിനേതാവായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ അവാർഡ് അദ്ദേഹത്തിൻ്റെ തുടർന്നുള്ള സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ആക്കം നൽകുന്നതിന് പ്രേരണയാകുമെന്ന് പ്രതീക്ഷിക്കാം.  

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close