പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73-ാം പിറന്നാള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73-ാം പിറന്നാള്‍. ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കും. ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി. യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്. മോദിയുടെ പിറന്നാളിൽ കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബർ 2 വരെ ക്യാംപയിന്‍ നീണ്ട് നിൽക്കും.
സേവ പഖ്വാരയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സേവാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കും. ശൂചീകരണം, വൃക്ഷതൈ നടല്‍, രക്തദാനം തുടങ്ങിയ പരിപാടികളാണ് രാജ്യമൊട്ടാകെ നടക്കുക.
ജന്മദിനത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച ‘വിശ്വകർമ ജയന്തി’ ദിനത്തില്‍, കരകൗശല വിദഗ്ധരെയും പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം വിശ്വകർമ കൗശൽ യോജനക്ക് മോദി തുടക്കം കുറിക്കും.
കാലങ്ങളായി പരമ്പരാഗത തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഇവരില്‍ ഏറിയ പങ്കും സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതിനാൽ, 13,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ പ്രാധാന്യമുള്ള പദ്ധതിയായും കണക്കാക്കപ്പെടുന്നു.
യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യാ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി) ആദ്യഘട്ടം ദ്വാരകയിൽ മോദി ഉദ്ഘാടനം ചെയ്യും, കൂടാതെ ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്‌പ്രസ് ലൈൻ ദ്വാരക സെക്ടർ 21ൽ നിന്ന് ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്‌റ്റേഷനിലേക്ക് നീട്ടുന്നതിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.