Uncategorized
അയൽവാസി വഴിയടച്ചു. 3 വർഷമായി വീട്ടിൽ കടക്കാനാവാതെ ഒരു കുടുംബം. ചേർപ്പ്: അയൽവാസി വഴിയടച്ചതിനെ തുടർന്ന് 3 വർഷമായി സ്വന്തം വീട്ടിൽ പ്രവേശിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. ചെമ്മാപ്പിള്ളി വടക്കുംമുറി കൊട്ടാരവളപ്പിൽ ഓട്ടോ തൊഴിലാളിയായ വൈലപ്പിള്ളി ഷൈനും വിധവയായ ജേഷ്ഠത്തി സൗമിനിയുമാണ് വീട്ടിലേക്ക് കടക്കാൻ കഴിയാതെ വാടകവീട്ടിൽ കഴിയുന്നത്. ഇവരുടെ മാതാപിതാക്കളുടെ കാലം മുതൽ 100 വർഷത്തിലധികമായി ഉപയോഗിച്ചിരുന്ന ഏകദേശം 50 മീറ്ററോളം ദൂരമുള്ള നടവഴിയാണ് അയൽവാസിയായ ആന്തുപറമ്പിൽ സുധീഷിന്റെ വീട്ടുകാർ അടച്ചു കെട്ടിയത്. 3 വർഷം മുൻപ് ഷൈനിന് ബൈക്കപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി. തുടർന്ന് ഷൈനിനും വൃദ്ധയായ അമ്മയ്ക്കും ചികിത്സയ്ക്കായി നിരന്തരം ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. നടവഴിയിലൂടെ വീടിനടുത്തേക്ക് വാഹനമെത്താൻ സൗകര്യമില്ലാതിരുന്നതിനാൽ അയൽവാസികളുടെ സഹായത്തോടെ ചുമന്നാണ് ഇവരെ പ്രധാന റോഡിലേയ്ക്കെത്തിച്ചിരുന്നത്. പരിക്ക് ഭേദമാകും വരെ ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യത്തിനായി റോഡിനടുത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത് അങ്ങോട്ട് താമസം മാറ്റി. ആ തക്കം നോക്കിയാണ് അയൽവാസി ഗേറ്റ് വെച്ചും ഷീറ്റ് കൊണ്ട് മറച്ചും വഴിയടച്ചത്. നടവഴിയിൽ പട്ടിക്കൂടും സ്ഥാപിച്ചു. പരിക്ക് ഭേദമായി വീട്ടിലേക്ക് തിരികെ താമസിക്കാനൊരുങ്ങിയപ്പോഴാണ് വഴി തരാനാകില്ലെന്ന് അയൽവാസി പറഞ്ഞത്. തുടർന്ന് വീടിന്റെ പുറകിലുള്ള മറ്റൊരു സ്ഥലത്തുകൂടെ അധികദൂരം സഞ്ചരിച്ച് വീട്ടിലെത്താൻ ശ്രമം നടത്തി. എന്നാൽ ആ സ്ഥലവും അയൽവാസി വാങ്ങി അവിടെയും വഴിയടച്ചു. ഇതോടെ 40 സെന്റോളം വരുന്ന പറമ്പിലേക്കും വീട്ടിലേക്കും ഒട്ടും പ്രവേശിക്കാൻ കഴിയാതായി. 3 മാസം മുൻപ് ഇവരുടെ അമ്മ സരസ്വതി മരണപ്പെട്ടപ്പോൾ മൃതശരീരം സ്വന്തം വീട്ടുവളപ്പിൽ സംസ്കരിക്കാനാവാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കേണ്ടി വന്നു. വഴി തുറന്ന് കിട്ടുന്നതിനായി പഞ്ചായത്ത് ഓഫീസ്, അന്തിക്കാട് പോലീസ്, ജില്ലാ കളക്ടർ, ആർഡിഒ എന്നിവർക്കെല്ലാം പരാതി നൽകി. ഇതിനിടെ വഴി നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അയൽവാസി കോടതിയെ സമീപിച്ചു. ആ കേസ് നടന്നുകൊണ്ടിരിക്കുന്നു. 3 വർഷത്തിലധികമായി ഉപയോഗിക്കാനാവാത്തതിനാൽ വീടും പറമ്പും ഏറെക്കുറെ നശിച്ച നിലയിലാണ്. ഈ സ്ഥലം ചുരുങ്ങിയ വിലയ്ക്ക് കൈക്കലാക്കാനാണ് അയൽവാസി ഈ ക്രൂരത കാണിക്കുന്നതെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
