പ്രതിഷേധത്തിനൊടുവിൽ ഉദ്യോഗസ്ഥർ മുട്ട് മടക്കി…..
വാരിയം കോൾപ്പടവിലേക്ക് വെള്ളം ഒഴുകുന്നതിന് പരിഹാരം
ചാഴൂർ: മനക്കൊടി വാരിയം കോൾപ്പടവിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാൻ കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കെഎൽഡിസിയും ഇറിഗേഷൻ വകുപ്പും ചേർന്ന് സംവിധാനമൊരുക്കി. രണ്ടു ദിവസത്തിനകം താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചും കുളവാഴകൾ നീക്കം ചെയ്തും പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം.
മനക്കൊടി – പുള്ള് ബണ്ടിലെ പിഡബ്ല്യുഡി റോഡിലൂടെ ഇറിഗേഷൻ കനാൽ കവിഞ്ഞ് വെള്ളം വാരിയംകോൾ പടവിലേക്ക് ഒഴുകി തുടങ്ങിയിട്ട് നാളുകളായി. ഇതിനൊരു പരിഹാരം കാണാൻ കെഎൽഡിസി യൊ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റോ ശ്രമിച്ചില്ല. ഇതുമൂലം ആഗസ്റ്റ് മാസത്തിൽ കൃഷിയിറക്കേണ്ട പടവിൽ വെള്ളം ഒഴിയാത്തതിനാൽ ഇതുവരെ കൃഷിയിറക്കാനായിട്ടില്ല. പാടശേഖരത്തിന് ചേർന്നുള്ള ഗതാഗത തിരക്കേറിയ റോഡ് ഒരു വർഷത്തോളം മുമ്പ് ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം 200 മീറ്ററോളം ദൂരത്തിൽ താഴ്ന്നതായി കർഷകർ പറയുന്നു. ഇവിടെ രണ്ടടിയെങ്കിലും റോഡ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പരാതിയും നൽകിയിട്ട് നാളുകളായി.
വെള്ളം നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ കാരണം ഇറിഗേഷൻ കനാലുകളിൽ കുളവാഴകൾ നിറഞ്ഞത് മൂലമാണ്. ചാലുകൾ വൃത്തിയാക്കാൻ കരാറെടുക്കുന്നവർ കൃത്യമായി കുളവാഴകൾ നീക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി കർഷകർ ആരോപിക്കുന്നത്. മഴ കനത്തതോടെ പടവിലേക്ക് വെള്ളം ഒഴുകുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈ.പ്രസിഡന്റ് സി.ജി. സജീഷ്, ജനപ്രതിനിധികളായ കെ. രാഗേഷ്, ഷിമി ഗോപി പാടശേഖര സമിതി സെക്രട്ടറി കെ.കെ. അശോകൻ എന്നിവരുടെ നേതൃതത്തിൽ സ്ത്രീകളടക്കം തൃശൂരിലെ ജലസേചന വിഭാഗം എക്സി. എഞ്ചിനീയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
തുടർന്ന് ഇറിഗേഷൻ മേജർ സബ് ഡിവിഷൻ എ എക്സ് ഇ എം.എൻ. സജിത്ത്, അസി.എഞ്ചി. ടി.എ. സിബു, കെഎൽഡിസി എഞ്ചിനീയർ ഷാജി എന്നിവർ പാടശേഖരത്തിലെത്തി ചർച്ച നടത്തി. കർഷകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ രണ്ടു ദിവസത്തിനകം വെള്ളം ഒഴുകുന്ന ഭാഗം മണൽ ചാക്കുകളിൽ നിറച്ച് സംരക്ഷണ ഭിത്തി ഒരുക്കാമെന്ന് കെഎൽഡിസി യും . പെരുമ്പുഴ മുതൽ കൊടയാട്ടി വരെയുള്ള ഒരു കി.മീ. ദൂരത്തെ കനാലിലെ കുളവാഴകൾ ജങ്കാറുകളിൽ ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കി നൽകാമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥനും കർഷകർക്ക് വാക്ക് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.