Uncategorized

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. രാവിലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു.

ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും പ്രാഥമികാംഗത്വത്തിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. മുമ്പ് ഭാസുരാംഗനെ പാര്‍ട്ടി സംരക്ഷിച്ചു എന്ന വാദം ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ഭാസുരാംഗനെതിരെ പാര്‍ട്ടി രണ്ടു തവണ നടപടി സ്വീകരിച്ചു. ആദ്യം ഭാസുരാംഗനെ ജില്ലാ കൗണ്‍സിലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പിന്നീട് ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തിലേക്കും തരംതാഴ്ത്തി. കേസില്‍ ഇഡി നിയമപരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഏതാനും രേഖകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close