നവ കേരള സദസ്സ്; വിപുലമായ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം
*എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു
സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതലകള്‍ ചര്‍ച്ച ചെയ്തു.
ക്ലബ്ബുകള്‍, വായനശാലകള്‍, റസിഡന്‍ഷ്യല്‍ തുടങ്ങിയ പൊതുജന കൂട്ടായ്മകളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും, സ്‌കൂള്‍, കോളേജ് അധികൃതര്‍, പി.ടി.എ അംഗങ്ങള്‍, എ.ഇ.ഒ, ഡി.ഇ.ഒ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു. ബൂത്ത്തല യോഗങ്ങള്‍, ബൂത്ത്തല കുടുംബസദസ്സുകള്‍ തുടങ്ങിയവ ചേരുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.
നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ് മോബ്, കൂട്ടയോട്ടം, ബൈക്ക് റാലി, നൈറ്റ് വാക്ക് തുടങ്ങിയവ സംഘടിപ്പിക്കും. നവകേരളം എന്ന ആശയം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരം, ലേഖന മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
നവകേരള സദസ്സില്‍ എന്‍.സി.സി, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. യുവജന പങ്കാളിത്തം നവ കേരള സദസ്സിന് ഉറപ്പ് വരുത്തണം. സദസിന് മുന്നോടിയായി പഞ്ചായത്ത്തല വിളംബരം ആകര്‍ഷകമായ രീതിയില്‍ തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ ബൂത്ത് തലത്തിലും പഞ്ചായത്ത് തലത്തിലും വിവിധ പരിപാടികള്‍ നടത്തണം.
സബ് കമ്മിറ്റികള്‍ ചെയ്യേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് അതത് കമ്മിറ്റി ചെയര്‍മാന്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. അടുത്ത എക്‌സിക്യൂട്ടീവ് യോഗം നവംബര്‍ 16 ന് രാവിലെ 10 ന് സംഘാടക സമിതി ഓഫീസില്‍ നടത്തും. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഇരിങ്ങാലക്കുട ആര്‍.ഡി.ഒ എം.കെ. ഷാജി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, ലതാസഹദേവന്‍, സീമ പ്രേംരാജ്, കെ.എസ് ധനീഷ്, കെ.എസ്. തമ്പി, കെ.ആര്‍. ജോജോ, റിസപ്ഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ആര്‍ വിജയ, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.