വാർത്താക്കുറിപ്പ്
…………………………
തൃപ്രയാർ എൻ.ഇ.എസ്. കോളേജ് പ്രിൻസിപ്പാളും നാട്ടിക ശ്രീനാരായണ കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ പ്രൊഫ. വി.എസ്. റെജി എഴുതിയ അഭയമുദ്രകൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു.
ഷാർജ ബുക്ക് അഥോറിറ്റിയുടെ ചീഫ് എക്സ്റ്റേണൽ എക്സിക്യൂട്ടീവ് ഓഫീസറും അന്താരാഷ്ട പുസ്തകോത്സവത്തിന്റെ അമരക്കാരനുമായ മോഹൻ കുമാർ പ്രശസ്ത എഴുത്തുകാരനും സൈലം ലേണിങ് ആപ്പിന്റെ ഡയറക്ടറുമായ ലിജീഷ് കുമാറിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.പി. വെള്ളിയോടൻ പുസ്തകപരിചയം നടത്തി. ചെറുകഥാകൃത്ത് ഗീതാ മോഹൻകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ മലയാള വിഭാഗം മ അധ്യാപികയും നാട്ടിക എസ്.എൻ. കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയും അധ്യാപികയുമായിരുന്ന ദൃശ്യ ഷൈൻ പ്രകാശനച്ചടങ്ങിന് നേതൃത്വം നൽകി.
വി.എസ്. റെജി പല സന്ദർഭങ്ങളിലായി വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിൽ എഴുതിയ ലേഖനങ്ങൾ സഹപ്രവർത്തകരും അഭ്യുദയ കാംക്ഷികളും ചേർന്ന് സമാഹരിച്ച് തൃശൂരിലെ പുസ്തകപ്പുരയാണ് അഭയമുദ്രകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.