Uncategorized

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

ഗുരുവായൂരിന്റെ അഭിമാന പദ്ധതി
റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി
നാടിന് സമർപ്പിച്ചു

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റവന്യൂ മന്ത്രി കെ. രാജന്‍, എന്‍.കെ. അക്ബര്‍ എംഎല്‍എ, ടി.എന്‍. പ്രതാപന്‍ എംപി എന്നിവർ വിശിഷ്ടാതിഥികളായി.

ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close