മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക് ആദരം
നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രം നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് നിർമിച്ചു. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ്
38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച്
വള്ളത്തിന്റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. രാത്രി രണ്ട് മണിയോടെ ആരംഭിച്ച ചിത്രരചന പൂർത്തിയാവാൻ എട്ട് മണിക്കൂർ വേണ്ടി വന്നു. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൾ, റാഫി പി എച്ച്, ശക്തിധരൻ, അഷറഫ് പുവ്വത്തിങ്കൽ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ഷെമീർ പതിയാശ്ശേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, ക്യാമറാമാൻ സിംബാദ് എന്നിവരും ചിത്രം തീർക്കാൻ കൂടെ ഉണ്ടായിരുന്നു.
പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ
കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ്
മത്സ്യതൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചത്.
മൂന്നു വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന മത്സ്യ ചിത്രം എന്ന ആശയം സാക്ഷാത്ക്കരിക്കാൻ സുരേഷിന് സഹായമായി മുന്നോട്ടു വന്നത് ഇ. ടി. ടൈസൺ മാസ്റ്റർ എം എൽ എയും നവകേരള സദസ്സ് മണ്ഡലം ജനറൽ കൺവീനർ ജില്ലാ ലേബർ ഓഫീസർ എം എം ജോവിനും ആണ്.
മത്സ്യങ്ങളെ കൊണ്ട് മാത്രം നിർമ്മിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ചിത്രം അപൂർവമായ ഒന്നാണെന്ന് പൊതുവെ കരുതപെടുന്നു എന്നും ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ അഭിപ്രായപ്പെട്ടു.
ഡിസംബർ ആറിനാണ് കയ്പമംഗലം നിയോജക മണ്ഡലത്തിൽ എം.ഇ എസ് അസ്മാബി കോളേജിൽ നവകേരള സദസ് നടക്കുന്നത്..