ധീരതയോടെയുള്ള രക്ഷാപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.. മുറ്റിച്ചൂർ: അയ്യപ്പ ക്ഷേത്രക്കുളത്തിൽ വീണ പുത്തൻപീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആഷിക്കിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച അന്തിക്കാട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവാനന്ദിന് അഭിനന്ദനം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ 13കാരനായ ദേവാനന്ദാണ് സുഹൃത്തായ ആഷിക്കിനെ രക്ഷിച്ചത്. കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്‍റെ മകനാണ് ആഷിക്ക്. ഫുട്ബോൾ കളി കഴിഞ്ഞ് വരുമ്പോൾ ചെളിയായ കാൽ കഴുകാൻ കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ കാൽതെറ്റി ക്ഷേത്രക്കുളത്തിലേക്ക് വീഴുകയായിരുന്നു ആഷിക്ക്. ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവമറിഞ്ഞതോടെ ദേവാനന്ദിനെ അഭിനന്ദിക്കാൻ നാട്ടുകാർ എത്തി. ഈയിടെയാണ് ദേവാനന്ദ് നീന്തൽ പഠിച്ചത്. ക്ഷേത്ര കമ്മിറ്റിയും ദേവാനന്ദിനെ അഭിനന്ദിച്ചു..