വോട്ട് ചെയ്തു വിജയിപ്പിച്ചു ഭരണത്തിലേറ്റിയ ജനങ്ങളെ പഞ്ചായത്ത് പുച്ഛിച്ചു തള്ളുന്നു- നൗഷാദ് ആറ്റുപറമ്പത്ത്.
നാട്ടികയിൽ കുടിവെള്ളക്ഷാമം കാലി കുടങ്ങളുമായി പഞ്ചായത്തിന് മുൻപിൽ മഹിളാ കോൺഗ്രസ് സമരം..
തൃപ്രയാർ -വോട്ട് ചെയ്തു വിജയിപ്പിച്ചു ഭരണത്തിലേറ്റിയ നാട്ടികയിലെ ജനങ്ങളെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഭരണിസമിതിയും ജനങ്ങൾക്ക് ഒന്നും ചെയ്ത് കൊടുക്കാതെ പുച്ഛിച്ചു തള്ളുന്നു എന്ന് ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു. നാട്ടികയിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകി കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്തിന് മുൻപിൽ കാലി കുടങ്ങളുമായി നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത്. ജനങ്ങൾക്ക് പ്രാഥമിക ആവിശ്യങ്ങളായ വെള്ളം, വെളിച്ചം,സഞ്ചാര സ്വാതന്ത്ര്യം എന്നിവ പോലും നൽകാൻ കഴിയാത്ത സിപിഎം പഞ്ചായത്ത് ഭരണിസമിതി ആയി മാറി നാട്ടിക എന്നും ഇത് വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളെ പുച്ഛിച്ചു തള്ളുന്ന നടപടിയാണ് പഞ്ചായത്ത് പ്രസിഡന്റും സി പിഎം ഭരിക്കുന്ന ഭരണിസമിതിയും ചെയ്യുന്നത് എന്നും ഇതിനെതിരെ കോൺഗ്രസ് ബഹു ജന പങ്കാളിത്തത്തോടെ സമരങ്ങളുമായി മുന്നോട്ടു വരുമെന്നും നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു.
നാട്ടിക പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതിൽ പ്രതിഷേധിച്ചു മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്തിന് മുൻപിൽ കാലി കുടങ്ങളുമായി സമരം നടത്തിയത്.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി പി വിനു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ടി വി ഷൈൻ, രഹന ബിനീഷ്, കെ വി സുകുമാരൻ, ആലിസ് വിൻസന്റ്, പ്രമിള പൂക്കാട്ട്, സത്യഭാമ രാമൻ, പ്രകാശൻ വിയ്യത്ത്, കെ കെ എന്നിവർ സംസാരിച്ചു.തീരദേശ പഞ്ചായത്ത് ആയ നാട്ടികയിലെ കിഴക്ക് ഭാഗം കനോലി കനാലിനു ചേർന്നുള്ള 5,6,7,8,9,10വാർഡുകളിൽ ആണ് കൂടുതലും കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നത്.മറ്റു മേഖലകളിൽ ജലജീവൻ കുടിവെള്ള പദ്ധതിയുടെ പണി നടക്കുന്നത് കൊണ്ട് കുടിവെള്ളം ലഭിക്കുന്നുമില്ല.പുഴയോട് ചേർന്നുള്ള സ്ഥലമായതിനാൽ കിണറുകളിലും ഫിൽറ്ററുകളിലും ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. കൂടാതെ യഥാസമയം പഞ്ചായത്ത് ചീപ്പ് കെട്ടാത്തത് മൂലം പുഴയിൽ നിന്നും പുളിവെള്ളം കയറി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലുമാണ് ജനങ്ങൾ. പൊതു പൈപ്പുകളിൽ സ്ഥിരമായി വെള്ളം വരുന്നുമില്ല. ജലജീവൻ കുടിവെള്ള പദ്ധതിക്കായി റോഡുകൾ പൊളിക്കുന്നതിനാൽ പൈപ്പ് എല്ലാം പൊട്ടി കുടിവെള്ളം പാഴായി പോകുകയും ചെയ്യുന്നു.കഴിഞ്ഞ 10വർഷം യുഡിഎഫ് ഭരണ കാലങ്ങളിൽ വേനൽ കാലമായാൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് പഞ്ചായത്ത് ട്ടാങ്കർ വഴി കുടിവെള്ളമെത്തിച്ചു നൽകാറുണ്ട്.നാട്ടികയിൽ സിപിഎം ഭരണം വന്നതിനു ശേഷം കുടിവെള്ളം എത്തിച്ചു നൽകാൻ പോലും പഞ്ചായത്ത് പ്രസിഡണ്ടോ ഭരണിസമിതിയും ശ്രമിക്കുന്നുമില്ല. ഇനിയും ജനങ്ങളോട് വെല്ലുവിളിയുമായി പഞ്ചായത്ത് പ്രവർത്തിക്കുകയാണെങ്കിൽ വലിയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് മഹിളാ കോൺഗ്രസ് അറിയിച്ചു.