തളിക്കുളം ഗ്രാമപഞ്ചായത്തും തൃശ്ശൂർ ജില്ലാ ശുചിത്വ മിഷനും സംയുക്തമായി മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ ഭാഗമായി സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക, വ്യക്തികൾ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പൊതുവിടങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയാതിരിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ വരുന്ന ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സന്ധ്യാ മനോഹരൻ, ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അജയ് രാജ്, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകരും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു. മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ സിനി കെ എ ചടങ്ങിൽ നന്ദി പറഞ്ഞു.