80 വയസ്സായി. സർക്കാർ സർവ്വീസിൽ നിന്നും റിട്ടയറായ കാലം മുതൽ പെൻഷൻ വാങ്ങാൻ ട്രഷറിയിലേയ്ക്ക് പോയിരുന്നത് തനിയെയാണ്. അതും വീട്ടിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലേയ്ക്ക്…
പിന്നെ പെൻഷൻ ബാങ്ക് വഴിയായപ്പോൾ
അവിടേയ്ക്കും തനിയെയുളള പോക്ക് തുടർന്നു. ട്രഷറിയും ബാങ്കും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. ആ ടൗണിനടുത്തായിരുന്നു അയാൾ ജനിച്ചു വളർന്ന വീട്. തറവാട് ഭാഗം വെച്ചപ്പോൾ തൻ്റെ ഷെയർ വാങ്ങിയാണ് അഞ്ച് കിലോമീറ്റർ അകലെയുള്ള ഈ വീട് വാങ്ങിയത്. അത് പിന്നീട് മൂത്തമകന് നൽകി അവനോടൊപ്പം അവിടെ താമസിയ്ക്കുന്നു.
വീടിൻ്റെ തൊട്ടടുത്ത് ATM വന്നപ്പോഴും ടൗണിലെ ബാങ്കിലേയ്ക്കുള്ള അയാളുടെ പോക്ക് മുടങ്ങിയില്ല. മക്കളും മരുമക്കളും കൊച്ചുമക്കളും
എല്ലാം പ്രശ്നമുണ്ടാക്കി. “ഇക്കാലമൊക്കെ പോയില്ലേ? തൊട്ടടുത്ത് ATM വന്നിട്ടും പിന്നെയെന്തിനാണ് ടൗണിലേയ്ക്കുള്ള പോക്ക്..” അയാൾ അതിനൊന്നും മറുപടി നൽകാതെ എല്ലാ മാസവും മുടങ്ങാതെ ടൗണിലേയ്ക്കുള്ള പോക്ക്
തുടർന്നു കൊണ്ടേയിരുന്നു.
അങ്ങിനെയിരിയ്ക്കേ പെട്ടെന്നൊരു ദിവസം അയാൾ ഒന്നു വീണു, വീട്ടിൽ തന്നെ. കാലൊടിഞ്ഞ് കിടപ്പിലായ അയാളെ കാണാൻ നിത്യവും സന്ദർശകർ. വീട്ടുകാർ തന്നെ ഞെട്ടിപ്പോയി… ഇത്രയധികം പേർ. അതും, അയാളുടെ പ്രായമുള്ളവർ. ഒരു ദിനമൊഴിയാതെ പകൽ നേരങ്ങളിൽ മുഴുവൻ അയാൾക്കരികിൽ
ആരെങ്കിലുമൊരാൾ ഉണ്ടായിരുന്നു.
ആ കിടപ്പിലും അയാൾ വിരസതയില്ലാതെ അവരോട് ചിരിച്ചും കളിച്ചും സമയം കളഞ്ഞു. മക്കളുടെയും മരുമക്കളുടെയും തിരക്കൊന്നും അയാളെ ബാധിച്ചതേയില്ല. അക്കൂട്ടത്തിൽ ഏതാണ്ടെല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അയാളെ കാണാനെത്തിയിരുന്ന വൃദ്ധനോട് മകൻ കാര്യങ്ങൾ അന്വേഷിച്ചു.
“എങ്ങനെയാണ് അച്ഛന് ഇത്രയും സൗഹൃദങ്ങൾ?”
ആ വൃദ്ധൻ ടൗണിൽ ഒരു ചെറിയ തുണിക്കട നടത്തുന്നയാളാണ്.
അയാൾ പറഞ്ഞു.
“മോനേ, ഇവൻ കിടപ്പിലായേപ്പിന്നെ ഞാൻ വൈകീട്ട് കടയടയ്ക്കും..
ഒന്നു വന്ന് കുറച്ചു നേരം മിണ്ടീം പറഞ്ഞും ഇരുന്നിട്ട് പോവാല്ലോ…”
പിന്നീടയാൾ പഴയ കഥകളിലേയ്ക്ക് തിരിഞ്ഞു.
“അന്ന് ടൗണിലായിരുന്നു ആകെയുള്ള സർക്കാർ പളളിക്കൂടം.. പലയിടത്തു നിന്നായി നടന്നു വരുന്നവരായിരുന്നു കുട്ടികളൊക്കെയും..
ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങളെല്ലാം…
പിന്നീട് പഠനം മുഴുമിച്ചും, പാതിവഴിയിൽ നിർത്തിയും പലരും പലവഴിയ്ക്ക് പിരിഞ്ഞെങ്കിലും
ബന്ധങ്ങൾ മാത്രം കണ്ണിയറ്റുപോയില്ല…
ഇപ്പോഴും മാസത്തിലൊരിയ്ക്കൽ ഞങ്ങളൊന്ന് കൂടും… എൻ്റെ കടയില്..
പെൻഷൻ പറ്റിയോരൊക്കെ അത് വാങ്ങാൻ വരുന്ന ദിവസം…
ഒന്നിച്ചിരുന്ന് കുറച്ചു നേരം സംസാരിയ്ക്കും ഒന്നിച്ച് ചായകുടിയ്ക്കും… പിരിയും…
ചിലപ്പോ ഉച്ചയൂണ് ഒരുമിച്ച് കഴിയ്ക്കും, ആർക്കേലും എന്തേലും ആവശ്യം വന്നാ
പരസ്പരം വിളിയ്ക്കും….
ഇതൊക്കെയല്ലേ മോനേ ജീവിതത്തിൽ ബാക്കി..”
അതും പറഞ്ഞ് അയാൾ പോയി…
പെൻഷൻ വാങ്ങാൻ തനിയ്ക്ക് തന്നെ പോകണമെന്ന് അച്ഛൻ വാശി പിടിയ്ക്കുന്നതിൻ്റെ കാര്യം മകന് മനസ്സിലായി. അവൻ അച്ഛൻ്റെ കിടക്കയിലേയ്ക്ക് നോക്കി.
മനസ്സു നിറഞ്ഞ് ശാന്തനായി ഉറങ്ങുന്ന അച്ഛൻ.
തൊട്ടടുത്ത് പഴയ മോഡൽ ഒരു കീപാഡ് ഫോൺ..
അച്ഛൻ്റെ മൊബൈലാണ്..!!
വാട്ട്സസ് ആപ്പും ഫെയ്സ് ബുക്കും ട്വിറ്ററും ഒന്നുമില്ലാത്ത വെറും ആശയവിനിമയ സഹായി !!
അയാൾ തൻ്റെ പുതിയ ഐഫോണിലേയ്ക്ക്
ഒന്നു നോക്കി.
പ്രൈമറി ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിച്ചവരുടെ, ബിരുദത്തിന്, ബിരുദാനന്തര ബിരുദത്തിന് അങ്ങനെ ഓരോയിടത്തും പഠിച്ചവരുടേതായ ഏതാണ്ട് അഞ്ചിലധികം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
അതിലുണ്ട്….
മുഖപുസ്തകത്തിൽ അയ്യായിരത്തിനടുത്ത്
സൗഹൃദങ്ങൾ…
എന്നിട്ടും രണ്ടു മാസം മുൻപ് ഒരു ഓപ്പറേഷൻ കഴിഞ്ഞ് കിടന്നപ്പോൾ തന്നെ കാണാനെത്തിയത്
വിരലിലെണ്ണാവുന്നവരാണെന്ന് അയാൾ ഓർത്തെടുത്തു. അതും വെറും ഔപചാരിക സന്ദർശനങ്ങൾ…
ഇതു പക്ഷേ….!!!
നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല സൗഹൃദങ്ങൾ കൂടി
സമ്മാനിയ്ക്കുന്നതാവണം വിദ്യാലയങ്ങൾ….
ഔപചാരിക വിദ്യാഭ്യാസത്തിനുമപ്പുറം
പിന്നെയും പലതുമുണ്ട്…
ഇന്നും നിലനിൽക്കുന്ന നമ്മുടെ ബാല്യകാല സൗഹൃദങ്ങളിൽ ഏറിയ പങ്കും നമ്മുടെ കുട്ടിക്കാലത്തെ ക്ലാസ് മുറികൾ സമ്മാനിച്ചവരാണ്…
മറയില്ലാത്ത സ്നേഹം മറയില്ലാത്ത സൗഹൃദം…
പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് നമ്മുടെ കുരുന്നുകളെ പറഞ്ഞയയ്ക്കുമ്പോൾ നമ്മുടെ ചുറ്റുവട്ടത്തെ നന്മയുള്ള പളളിക്കൂടങ്ങൾ
മറക്കാതിരിയ്ക്കാം…
എന്നും കാണുന്നവരും എന്നും കാണാത്തവരും ഒന്നിച്ചു പഠിയ്ക്കട്ടെ, ഒന്നിച്ചു കളിയ്ക്കട്ടെ, എന്നും കാണുന്നവരായി വളരട്ടെ…
അഡ്മിൻ സുരേഷ് കൃഷ്ണ, ചെർപ്പുളശ്ശേരി.