കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
കുന്നംകുളം : കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.
ഇരു വാഹനത്തിലെയും ഡ്രൈവർമാർ ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരം. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം.
ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു .
പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു .
അപകടത്തെ തുടർന്ന് കുന്നംകുളം പോലീസും അഗ്നി രക്ഷാസേന സംഘവും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്