ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം.. തൃപ്രയാർ: ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം. വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ദയ മെഡികെയറിനെതരെയാണ് ആരോപണം. നാട്ടിക ഊണുങ്ങൽ വേലായുധൻ മകൻ ബാബു(54) വാണ് കഴിഞ്ഞ മാസം 16ന് ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടത്. പറമ്പിൽ പണിയെടുക്കന്നതിനിടെ ബാബു കുഴഞ്ഞുവീഴുകയായിരുന്നു. ഒച്ച കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ അയൽവാസിയായ സ്ത്രീയാണ് ബാബു പറമ്പിൽ വീണു കിടക്കുന്നതായി വീട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ ബാബുവിനെ വലപ്പാട് ദയ മെഡികെയറിലെത്തിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ടിയാൻ മരിച്ചതായി ആശുപത്രി അധിക്യതർ നല്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചികിത്സാ ചിലവായി 12,985 രൂപ മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി ഈടാക്കുകയും ചെയ്തു. തുടർന്ന് മ്യതദേഹം പോസ്റ്റ് മോർട്ടത്തിനയക്കുകയാണ് ആശുപത്രി അധിക്യതർ ചെയ്തത്. ആശുപത്രിയിൽ വെച്ച് മരിച്ചതാണെങ്കിൽ പോസ്റ്റ്മോർട്ടത്തിനയക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നു. മാത്രവുമല്ല സംഭവ സ്ഥലത്തുവെച്ച് മരിച്ചയാൾക്ക് എന്തിനാണ് 12,985 രൂപയുടെ ചികിത്സ നല്കിയതെന്നാണ് പരാതി. ജനങ്ങളിൽ നിന്നും അനധിക്യതമായി പണം പിടിച്ചു വാങ്ങുകയാണ് ആശുപത്രി അധിക്യതർ ചെയ്തതെന്ന് ബാബുവിൻറെ സഹോദരൻ ലാൽ ഊണുങ്ങൽ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടു. സംഭവത്തിൽ ദയ ആശുപത്രിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നല്കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ലാൽ പറഞ്ഞു.