ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.. പഴുവിൽ : 2024 മെയ് 17 ന് അർണോസ് പാതിരിയുടെ ജന്മദേശത്തുനിന്നുള്ള ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ ജർമ്മൻ സംഘത്തിന് സ്വീകരണം നൽകി. ജർമ്മനിയിൽ നിന്നുള്ള ഫാ. തിയോ പോൾ SJ (മുൻ വികാരി ജനറാൾ), ഫാ. കാൾ ന്യൂഫെൽഡ് SJ, ഡോ. റെജിന വൈൽഡ്ഗ്രൂബെർ, ജന ബെര്ഹന്സ്, മാർട്ടിൻ ബോൾസ്, ക്രിസ്റ്റിൻ മുള്ളർ, കേരളത്തിലെ പ്രതിനിധികളായി വെരി. റവ. ഫാ. മാത്യു എലഞ്ഞിപ്പുറം SJ (പ്രൊവിൻഷ്യൽ, കോഴിക്കോട്), ഫാ. സണ്ണി ജോസ് SJ (പ്രൊഫസർ സെൻറ് സേവിയേഴ്സ് കോളേജ് തിരുവനന്തപുരം), ഫാ. ബിനോയ് ജേക്കബ് SJ എന്നിവരുമാണ് സന്ദർശനം നടത്തിയത്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജോൺ ഏർണസ്റ്റ് ഹാൻസിൽഡൻ ജർമ്മനിയിലെ ഓസ്റ്റർ കാപ്ലീൻ എന്ന സ്ഥലത്ത് 1681ൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദികൻ ആകാൻ ജസ്യൂട്ട് സന്യാസസഭയിൽ ചേരുകയും പഠനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സമ്പാളൂർ സെന്റ് പോൾ സെമിനാരിയിലേക്ക് അയക്കുകയും ചെയ്തു. 1706 ൽ അദ്ദേഹം വൈദികനായി. 1712 ൽ വേലൂരിലേക്ക് അദ്ദേഹം വരികയും അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സമയം വേലൂർ, സമ്പാളൂർ, പാലയൂർ, പഴുവിൽ എന്നിവിടങ്ങളിൽ ചിലവഴിച്ചു. അർണോസ് പാതിരി വേലൂർ താമസമാക്കിയെങ്കിലും കൃതികൾ മിക്കതും പഴുവിൽ പള്ളിയിൽ ഇരുന്നാണ് എഴുതിയിട്ടുള്ളത്. പുത്തൻപാന, ചതുരന്ത്യം, ഉമ്മാടെ വ്യാകുല പ്രബന്ധം, ജനോപർവ്വം, സംസ്കൃത വ്യാകരണം, മലയാള സംസ്കൃത നിഘണ്ടു, മലയാളം പോർച്ചുഗീസ് നിഘണ്ടു മുതലായവ അർണോസ് പാതിരിയുടെ കൃതികളാണ്. മലയാള ഭാഷയ്ക്കും കേരളത്തിനും ലോകത്തിനും ഒട്ടനവധി സംഭാവന നൽകിയ അദ്ദേഹം 51-ാം വയസ്സിൽ, 1732 മാർച്ച് 20ന് പഴുവിൽ വച്ച് മരണപ്പെട്ടു.