കരനെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ.
സോഷ്യൽ മീഡിയയുടെ ഇടുങ്ങിയ പ്ലാറ്റ്‌ഫോമിൽ ഒതുങ്ങിയിരിക്കുകയല്ല, പ്രകൃതിയും കർഷകന്റെ മനസ്സുമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങുകയാണ് നാട്ടിക എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ. ഇതിന്റെ ആദ്യഘട്ടമായി തങ്ങളുടെ കോളേജിനോട് ചേർന്ന് തരിശുകിടന്നിരുന്ന ഭൂമിയിൽ കരനെൽകൃഷിക്ക് തുടക്കമിടുകയാണ് ഇവർ. പുതുതലമുറയ്ക്ക് പരമ്പരാഗത ജൈവ കൃഷി രീതികൾ പറഞ്ഞുകൊടുത്ത് ഇവരോടൊപ്പമുണ്ട് നാട്ടിക കൃഷിഭവനും നന്ദിനി കൃഷിക്കൂട്ടവും. എല്ലായിടവും കൃഷിയിടമാക്കുക, എല്ലാവരും കൃഷിക്കാരാവുക, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് നാട്ടിക കൃഷി ഭവൻ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. നാട്ടിക എസ്.എൻ.എൻ. കോളേജിലെ രണ്ട് എൻ.എസ്.എസ്. യൂണിറ്റുകളാണ് കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കരനെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്തംഗം സുരേഷ് ഇയ്യാനി അധ്യക്ഷനായി. ചടങ്ങിൽ നാട്ടിക കൃഷി ഓഫീസർ എൻ.വി. ശുഭ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ബി. ബബിത, ഡോ. വി.കെ. രമ്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.സി. ബാബു, എൻ.എസ്.എസ്. സെക്രട്ടറി എ.ബി. ശിൽപ എന്നിവർ സംസാരിച്ചു. നാട്ടിക കൃഷിഭവൻ ജീവനക്കാരായ കെ.എം. ദിവ്യ, ടി.ആർ. സ്‌നിഗ്ദ്ധ, കെ.ആർ. ജിബിൻ, ടി.വി. ദിപു, ടി.എസ്. സുധി എന്നിവർ കൃഷി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. ഏറെ ഉല്പാദനക്ഷമതയും ഗുണവുമുള്ള മനുരത്‌ന വിത്താണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. രണ്ടാം ഘട്ടമായി കോളേജിലെ 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും ഉടനെ ആരംഭിക്കും. കോളേജിന് പുറത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയാണ് ഈ കൃഷിക്കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം. അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടിക്കുന്ന പുതുതലമുറയെ മണ്ണിന്റെ മണവും മനസ്സുമറിയുന്നവരാക്കി വളർത്തുന്നതിലൂടെ പുതിയ കാർഷിക സംസ്‌കാരത്തിന് കൂടി വിത്തിടുകയാണ് നാട്ടിക എസ്.എൻ. കോളജ്.