മുപ്പത് വർഷം കഴിഞ്ഞ് ലീന ജോസ് എത്തി, പുസ്തകമധുരവുമായി
*മുപ്പത് വർഷം കഴിഞ്ഞ് ലീന ജോസ് എത്തി, പുസ്തകമധുരവുമായി* നാട്ടിക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികൾക്കിത് പുതിയ അനുഭവം. മുപ്പത് വർഷം മുമ്പ് കോളേജിലെ വിദ്യാർത്ഥിനി ആയിരുന്ന ലീന ജോസ് അമ്മയോടൊപ്പം വീൽചെയറിലാണ് കോളേജിലെ ലൈബ്രറി നൽകുന്ന പ്രതിമാസ റീഡിങ് സ്റ്റാർ പുരസ്‌കാരം നൽകാനെത്തിയത്. 1993 -95 വർഷങ്ങളിൽ പ്രീ ഡിഗ്രി വിദ്യാർത്ഥിനി യായിരുന്ന ലീന ഒരിക്കൽ പോലും തന്റെ ക്ലാസ്സ്‌റൂം അല്ലാതെ കോളേജിലെ ഒരു സ്ഥലവും കണ്ടിട്ടില്ല. ക്യാമ്പസിൽ അന്ന് റാമ്പുകൾ ഇല്ല, പോളിയോ വന്ന കാലുകൾക്ക് താങ്ങാവാൻ വീൽചെയറും ഉണ്ടായിരുന്നില്ല. തന്റെ കലാസാഹിത്യ അഭിരുചികളെല്ലാം ഉള്ളിലടക്കി കോളേജിലെയും വീട്ടിലെയും മുറികളിൽ ഒതുങ്ങി പ്പോയ ജീവിതം. കോളേജിലെ തന്നെ പൂർവ്വവിദ്യാർഥിയായ മണപ്പുറം എം ഡി നന്ദകുമാർ ആണ് ലീനക്ക് മോട്ടോറൈസ്ഡ് വീൽ ചെയർ നൽകിയത് എന്നത് വലിയ അനുഗ്രഹ മായി ലീന കരുതുന്നു. ഇന്ന് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലീനക്ക് തന്റെ കർത്തവ്യമേഖലയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. സമൂഹത്തിൽ, വീടുകളിൽ കാണുന്ന പരിമിതികളുള്ള ഓരോ മനുഷ്യനുള്ളിലും ഒരു കലാകാരനോ എഴുത്തുകാരനോ ഉണ്ടാകാം. അവരെ ഒന്ന് സഹായിച്ചാൽ ഒരുപാട് ജീവിതങ്ങളിൽ പ്രകാശം നിറയും. ഒന്നാംവർഷ ബികോം ബിരുദ വിദ്യാർത്ഥിനിയായ ഹൃദ്യ ലക്ഷ്മി പി എസ് ന് പുരസ്കാരം നൽകിക്കൊണ്ട് ലീന വിദ്യാർത്ഥികളോട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി എസ് ജയ അധ്യക്ഷയായ ചടങ്ങിൽ ശ്രീമതി ലീന ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു. ലൈബ്രേറിയൻ മിഥു ലീനയെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ശ്രീ വിഷ്ണു പി എ, ഡോ. ശങ്കരൻ കെ കെ, ഡോ.ആര്യ വിശ്വനാഥ്, ഡോ.ശ്രീല കൃഷ്ണൻ, പ്രിയങ്ക എ എസ്, ബബിത ബി , ഡോ.രമ്യ വി എസ്, ഡോ. ബീസ ഭാസ്കർ എന്നിവർ സംസാരിച്ചു.