നാട്ടികയ്ക്ക് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കൈനീട്ടം; സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു.

നാട്ടിക ഗ്രാമപഞ്ചായത്തിന് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വിഷു കൈനീട്ടമായി നാലാം വാർഡിലെ അംബേദ്കർ നഗറിൽ നിർമ്മിച്ച അംബേദ്കർ സാംസ്ക്കാരിക നിലയം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സി.സി മുകുന്ദൻ എംഎൽഎ അദ്ധ്യക്ഷനായി.
മനുഷ്യന്റെ സാംസ്‌കാരിക പ്രകടനങ്ങളുടെ കേന്ദ്രമായി മാറേണ്ട പൊതു ഇടങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിച്ചേരലുകൾ അല്ലാതെ മനുഷ്യ സ്നേഹത്തിന്റെ ഗാഥ വിടർത്താൻ മറ്റൊരു വഴിയും ഇല്ലാത്ത കാലത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അംബേദ്‌കറുടെ നാമത്തിൽ നിർമ്മിച്ച സാംസ്‌കാരിക നിലയം പുതിയ തലമുറയെ നേരിന്റെ വഴിയിലൂടെ നടത്താനുള്ള സൂര്യ വെളിച്ചമായി പരിണമിക്കട്ടേയെന്ന് മന്ത്രി ആശംസിച്ചു.
ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ പട്ടിക ജാതി വികസന ഫണ്ട് ഉപയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29,64,882 രൂപ ബ്ലോക്ക് പഞ്ചായത്തും അഞ്ച് ലക്ഷം രൂപ നാട്ടിക പഞ്ചായത്തും ചിലവഴിച്ചാണ് സാംസ്‌കാരിക നിലയം നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിലും പൂർത്തീകരിച്ചു. ഒരു മാസത്തിനുള്ളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ കൂടി ചിലവഴിച്ചു രണ്ടാം നിലയുടേയും പണി പൂർത്തിയാവുന്നതോടെ സ്വപ്ന പദ്ധതി പൂർണ്ണമാവും. സാംസ്‌കാരിക നിലയം പൂർത്തിയായതോടെ പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ വിവാഹങ്ങൾ നടത്തുന്നതിനും മറ്റ് സാംസ്‌കാരിക പരിപാടികൾക്കും മിതമായ നിരക്കിൽ ഓഡിറ്റോറിയം ലഭ്യമാകും.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ അജീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ബ്ലോക്ക് മെമ്പർമാരായ ജൂബി പ്രദീപ്, സി.ആർ ഷൈൻ, കെ.ബി സുധ, വസന്ത ദേവലാൽ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, വൈസ് പ്രസിഡന്റ് രജനി ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.കെ സന്തോഷ്, ശ്രീദേവി മാധവൻ, വാർഡ് മെമ്പർമാരായ നികിത പി രാധാകൃഷ്ണൻ, പി.വി സെന്തിൽ കുമാർ, സി.എസ് മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ, സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നാലാം വാർഡിലേക്ക് അങ്കണവാടിക്കും വാട്ടർ കിയോസ്കിനും സ്ഥലം വിട്ടു നൽകിയ കൊപ്പറമ്പിൽ മുഹമ്മദാലിയേയും കോൺട്രാക്ടർ കെ.എം ആഷിക്, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവരേയും ആദരിച്ചു.