കർക്കടകമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പലതീർത്ഥാടനത്തിന് ഈ മാസം 17 ന് വ്യാഴാഴ്ച മുതൽ തുടക്കം.

തൃപ്രയാർ : ഈ വർഷത്തെ കർക്കടകമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പലതീർത്ഥാടനത്തിന് ഈ മാസം 17 ന് വ്യാഴാഴ്ച മുതൽ തുടക്കം കുറിക്കുകയാണ്. ദാശരഥീക്ഷേത്രങ്ങളിൽ പ്രഥമക്ഷേത്രമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും നാലമ്പല തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിനു മുൻവശത്തെ നടപ്പന്തലിൽ ഭക്തർക്ക് വരി നിൽക്കാനായുള്ള കൈവരികളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ക്ഷേത്രമതിൽക്കത്ത് മഴ നനയാതെ ദർശനത്തിനായി മതിയായ അടിസ്ഥാന സൗകര്യങ്ങളോടു കൂടി കാത്തു നിൽക്കുന്നതിനുള്ള പടുകൂറ്റൻ പന്തലുകളും കൈവരികളും ഒരുക്കി കഴിഞ്ഞു. വടക്കെ നടയിൽ ഫ്ലൈ ഓവർ , പ്രസാദകൗണ്ടർ, നിവേദ്യവും വഴിപാടുകളും ശീട്ടാക്കാനുള്ള സ്പെഷൽ കൗണ്ടറുകൾ, മൊബൈൽ കൗണ്ടർസൗകര്യം, ദേവസ്വം “ക്ഷേത്രദർശനം” പുസ്തകശാല , “സനാതനധർമ്മ പാഠശാല”യുടെ രാമായണ പാരായണ – പ്രഭാഷണവേദി എന്നിവ പൂർത്തിയായി വരികയാണ്. ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് പുലർച്ചെ മുതൽ ചുക്കുവെള്ളം ,ചുക്കുകാപ്പി എന്നിവയുടെ വിതരണവും നടത്തും. ക്ഷേത്രം ഊട്ടുപുരയിൽ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. സർക്കാരിൻ്റെ പ്രത്യേക കെ. എസ്സ് .ആർ. ടി.സി. ബസ്സുകൾ ഇത്തവണയും നിർദ്ദിഷ്ട സമയങ്ങളിൽ ദിവസവും രാവിലെ മുതൽ നാലമ്പല തീർത്ഥാടകരുടെ സൗകര്യാർത്ഥം സർവ്വീസ് നടത്തും. പോലിസ്സിൻ്റേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം രാമായണ മാസത്തിൽ ഭക്തർക്ക് വേണ്ടി ഉറപ്പു വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ മുഖമണ്ഡപത്തിൽ സുന്ദരകാണ്ഡ പാരായണം ,തൃശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്നുള്ള വൈദികർ ചൊല്ലുന്ന ഋഗ്വേദമുറജപം എന്നിവയും ഉണ്ടായിരിക്കും. തിരക്കേറിയ തൃശൂർ – ചേർപ്പ് – തൃപ്രയാർ റോഡിൽ ദേശീയപാതയുടെ നർമ്മാണപ്രവർത്തനം നടക്കുന്നതു മൂലമുള്ള ഡൈവേർഷനുകളും കുണ്ടുകളും കുഴികളും ഇക്കുറി നാലമ്പല തീർത്ഥാടകരെ കാര്യമായി പ്രതികൂലമായി ബാധിക്കുമെന്നുള്ളതു തീർച്ചയാണ്. അകലെ നിന്നെത്തുന്ന വാഹന യാത്രയാത്രികർക്ക് ഇത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ പോളി ജംക്ഷനിരുഭാഗത്തേക്കുമായി ഒതുക്കി നിർത്തും. നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലും ഭക്തർ ക്ക് ക്ഷേത്രദർശനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനായുളള നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് തൃപ്രയാർ ക്ഷേത്രം മാനേജർ മനോജ് . കെ നായർ പറഞ്ഞു.