തളിക്കുളം ഗ്രാമപഞ്ചായത്ത്.വികസന രേഖ പുറത്തിറക്കി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2020 – 25 വരെയുള്ള കാലഘട്ടത്തിലെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് വികസന രേഖ പുറത്തിറക്കി. തളിക്കുളം പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത വികസനരേഖ പ്രകാശനം നടത്തി. ഈ ഭരണസമിതിയുടെ കാലയളവിൽ കഴിഞ്ഞ 5 വർഷങ്ങളായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസനങ്ങളുടെ സംക്ഷിപ്തരൂപമാണ് പ്രകാശനം ചെയ്തത്. ഭരണ സംവിധാനം, ലൈഫ് ഭവന നിർമ്മാണ പദ്ധതി, അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി, ആരോഗ്യ മേഖല, വനിതാ ശിശു ക്ഷേമ വികസനം, പശ്ചാത്തല വികസനം, കാർഷിക മേഖല, മൃഗസംരക്ഷണ മേഖല, മത്സ്യ മേഖല, യുവജനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവ വഴി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അടങ്ങുന്നതാണ് വികസനരേഖ. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ കെ. കെ. സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



