തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി
36-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം. 20 വേദികളിലായി വിദ്യാർത്ഥികൾ വിവിധ കലാരംഗങ്ങളിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. റവന്യൂ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (19/11/25) രാവിലെ 9.30ന് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ സിനിമാതാരം ജയരാജ് വാര്യർ നിർവഹിക്കും. സബ് കലക്ടർ അഖിൽ വി. മേനോൻ, സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളാകും.
ആദ്യദിനത്തിൽ അറബനമുട്ട്, ദഫ്‌മുട്ട്, കുച്ചിപ്പുടി, നാടകം, ഇംഗ്ലീഷ് സ്കിറ്റ്, പദ്യം ചൊല്ലൽ, തായമ്പക, പഞ്ചവാദ്യം, നാദസ്വരം, ദേശഭക്തിഗാനം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം തുടങ്ങി, ഓഫ് സ്റ്റേജ് മത്സരങ്ങളും നടന്നു.
മുനിസിപ്പൽ ടൗൺഹാൾ ആണ് പ്രധാന വേദി. കൂടാതെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ സ്‌കൂൾ തുടങ്ങിയവയും മറ്റു മത്സരവേദികളാണ്. സംസ്കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി. സ്‌കൂളിലുമാണ് നടക്കുന്നത്.
ഒപ്പന, മാപ്പിളപ്പാട്ട്, അക്ഷര ശ്ലോകം, പ്രസംഗമത്സരം,കേരള നടനം, ചവിട്ടുനാടകം, പരിചമുട്ടുകളി, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം,ബാൻഡ് മേളം തുടങ്ങിയ മത്സരങ്ങളാണ് വിവിധ വേദികളിലായി നാളെ (19/11/25) നടക്കുന്നത്.
നവംബർ 21ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.



