ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

തൃപ്രയാർ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും

തൃപ്രയാർ : ശ്രീരാമക്ഷേത്രം മികച്ച ദാരുശില്പകലകൊണ്ടും ചുവർച്ചിത്രകല കൊണ്ടും മനോഹരമായ കേരളീയ ക്ഷേത്രങ്ങളിൽ പ്രാമുഖ്യമായ ഒന്നാണ്. 1000 -1300 തുടങ്ങിയ മധ്യകാലഘട്ടത്തിൽ കേരള ക്ഷേത്രങ്ങളുടെ വാസ്തുവിദ്യാവികാസത്തിൻ്റെ സവിശേഷത ദ്രാവിഡവും കേരളീയവുമായ ശൈലികളുടെ സമ്യക് സമ്മേളനം സൂചിപ്പിക്കുന്ന വികസിതരൂപത്തിലുള്ള ഗാന്ധാരവിമാനങ്ങളാകുന്നു. ഇത്തരം ക്ഷേത്രങ്ങളിൽ പുറച്ചുമരിനെപ്പോലത്തന്നെ അകച്ചുമരും മച്ചിൽ മുട്ടും എന്നതാണ്. ഗർഭഗൃഹത്തിനു ചുറ്റും ഇരട്ടപ്രദക്ഷിണ വഴികളുണ്ടായിരിക്കുക എന്നതും ഈ കാലഘട്ടത്തിൻ്റെ പ്രത്യേകതയാണ്. സ്വന്തമായ മതില്ക്കെട്ടും ചവിട്ടുപടികളുമായി ഇതിനകം തന്നെ ഗർഭഗൃഹത്തിന് തനതായ ഒരു വ്യക്തിത്വം കൈവന്നിരിക്കുന്നു എന്ന വസ്തുതയും ശ്രദ്ധാർഹമാണ്. വൃത്താകാരമോ കമാനാകാരമോ ആയ അസ്ഥിവാരവും നാലു പാർശ്വങ്ങളുമുള്ള ക്ഷേത്രങ്ങൾ ഇക്കാലത്ത് മുറയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്നു. പുതുതായി ഉയർന്നു വന്ന ക്ഷേത്രങ്ങൾക്കു പുറമെ പുതുക്കിപ്പണിതവക്കും കണക്കില്ല. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റേയും തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രത്തിൻ്റെയും ഉത്ഭവം ഇക്കാലത്താണ്. ശ്രദ്ധേയമായ കലാസൗഭഗമിയന്ന ചുവർച്ചിത്രങ്ങൾ പലതുമിവിടെയുണ്ട്. തൃപ്രങ്ങോട്ടെ ശിവ ക്ഷേത്രത്തിലും തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രത്തിലും ഗുരുവായൂരമ്പലത്തിലും കേരളീയചിത്രകലയുടെ ഏറ്റവും സജീവ കാലഘട്ടമായിരുന്ന 17-ാം ശതകമധ്യം തൊട്ട് 18-ാം ശതകം വരെയുള്ള കാലത്തേതാണ് ഈ ചിത്രങ്ങളെല്ലാം

            തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദാരുശില്പങ്ങളുള്ള 20 പാളികളുണ്ട്. നമസ്കാരമണ്ഡപത്തിലെ നവഗ്രഹങ്ങളും ശ്രീകോവിലിലെ രാമായണ കഥാരംഗങ്ങളും അവയിൽപ്പെടുന്നു. ശ്രീകോവിലിൻ്റെ പുറം മതിലിൻ്റെ മേൽഭാഗത്തെ അലങ്കരിക്കുന്ന ഭദ്രദീപം അലങ്കാരപ്പണികളുടെ സങ്കീർണ്ണമായ വിന്യാസക്രമത്തിൽ പുലർത്തുന്ന നിലവാരം അത്യുന്നതം തന്നെയാണ്. കർണ്ണാടകദേശത്ത് നിലവിലുള്ള ഗൊയ്സാല ശൈലിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ താങ്ങു പലകകളിൽ ചെയ്തു കാണുന്ന മനോഹരമായ കൊത്തുപണികളാണ് തൃപ്രയാർ ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ സവിശേഷത.കൊച്ചിൻ ദേവസ്വം ബോർഡ് ഈ ചിത്രങ്ങളേയും ദാരുശില്പങ്ങളേയും കാത്തു സൂക്ഷിക്കുവാൻ വേണ്ടതെല്ലാം ചെയ്യേണ്ടതാണ്. ശ്രീകോവിലിൻ്റെ വാതിൽക്കൽ നിന്നും വലത്തോട്ട് പടിഞ്ഞാറെ വാതിൽ വരെ ഈ ശില്പങ്ങൾ നിരന്നു കാണപ്പെടുന്നു. രാമായണ കഥാഭാഗങ്ങൾ തന്നെയാണ് കഥാവിഷയം. ഇവിടെ വടുരൂപയായ രാവണൻ വേദങ്ങൾ മോഷ്ടിച്ചു കൊണ്ടു പോകുന്ന ചിത്രം മികവുറ്റതാണ്. രാമായണ വായനക്കാരുടെ മനസ്സിൽ ഉണ്ടാകുന്ന പ്രതാപലങ്കേശ്വരൻ്റെ ഭാവഗാംഭീര്യമല്ല പരിഹാസം തോന്നുന്ന ഒരു വികൃതിച്ചെറുക്കൻ്റെ കുസൃതിത്തരങ്ങളാണ് ഈ രൂപം സന്ദർശകരുടെ മനസ്സിൽ ഉളവാക്കുന്നത്. കാൽ മുട്ടുകൾ മുന്നോട്ടു വളച്ച് പിൻഭാഗം പുറകോട്ടു തള്ളി മുഖം തിരിച്ച് സംശയദൃഷ്ട്യാ നോക്കി നിൽക്കുന്ന ആ രൂപം കാണികളുടെ ശ്രദ്ധയെ ബലാൽ പിടിച്ചു പറ്റും. രാമായണ കഥയിലെ മറ്റു ചില രംഗങ്ങളെ  ആവിഷ്ക്കരിക്കുന്ന ശില്പങ്ങളും ഇവിടെ കാണാം. ശ്രീകോവിലിൻ്റെ വാതിൽ മുതൽ ഇടത്തോട്ട് നിരന്നുനില്ക്കുന്ന ചിത്ര - ശില്പങ്ങൾ ശ്രീകൃഷ്ണചരിതത്തിലെ വിവിധ ഭാഗങ്ങളെ ആവിഷ്ക്കരിക്കുന്നു. അവയിൽ ചിലത് ചിത്രങ്ങളാണെങ്കിലും അവ സന്ദർശകരുടെ ഭക്തിഭാവത്തെ ഇല്ലാതാക്കുന്നില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close